കൈക്കൂലി ഒളിപ്പിച്ചത് ഓടിനടിയിലും വാഴകള്‍ക്കിടയിലും; ഗോപാലപുരം ചെക്ക് പോസ്‌റ്റില്‍ നിന്ന് വിജിലന്‍സ് പിടികൂടിയത് 8930 രൂപ - പാലക്കാട് ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
പാലക്കാട് : ഗോപാലപുരം മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ 8930 രൂപ പിടികൂടി. ഗോപാലപുരം മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്‌റ്റിലാണ് കന്നുകാലികൾ കടത്തിക്കൊണ്ട് വന്ന ലോറി ഡ്രൈവർമാരിൽ നിന്ന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്. കൈക്കൂലി പണം ഒളിപ്പിച്ചത് ഓടിനിടയിലും, വാഴകൾക്കിടയിലുമായിരുന്നു.
അറവുശാലകൾക്ക് കൊണ്ടുവരുന്ന കന്നുകാലികൾ കൈമടക്ക് വാങ്ങി ഒരു പരിശോധന പോലും നടത്താതെയാണ് ലോറികൾ കടത്തിവിടുന്നത്. ഇതിനായി ഡ്രൈവർമാരിൽ നിന്ന് 1000 മുതൽ 5000 രൂപ വരെയാണ് കൈക്കൂലിയായി ഉദ്യോഗസ്ഥർ വാങ്ങിയിരുന്നത്. വ്യാപകമായ പരാതിയെ തുടർന്ന് പാലക്കാട് വിജിലൻസ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഇത് പരിശോധിക്കാൻ തീരുമാനിച്ചു.
ഇന്ന് പുലർച്ച മൂന്ന് മണിയോടെ വിജിലൻസ് സംഘം മൃഗസംരക്ഷണ വകുപ്പിന്‍റെ ചെക്ക്പോസ്‌റ്റിന് സമീപം എത്തി. പല സ്ഥലങ്ങളില്‍ മറഞ്ഞിരുന്ന് ചെക്ക് പോസ്‌റ്റിലെ ഉദ്യോഗസ്ഥരെ നീരിക്ഷിച്ചു. ലോറികൾ എത്തി മിനിറ്റുകൾക്കകം പരിശോധനയില്ലാതെ ചെക്ക് പോസ്‌റ്റ് കടന്നുപോകുന്നതാണ് വിജിലൻസ് സംഘം കണ്ടത്.
കൈമടക്കായി കിട്ടിയ പണം സമീപത്തെ കെട്ടിടങ്ങളുടെ ഓടിനിടയിലും, വാഴകളിലും ഒളിപ്പിക്കുന്നതും വിജിലൻസ് സംഘം കണ്ടു. തുടർന്ന് വിജിലൻസ് പരിശോധന തുടങ്ങി. ഇത്തരത്തിൽ ഒളിപ്പിച്ച 8930 രൂപയാണ് വിജിലൻസ് സംഘം കണ്ടെത്തിയത്. കൈക്കൂലിയായി കിട്ടിയ പണം കൃത്യമായി വീതിച്ച് ദിവസവും ഇത്തരത്തിൽ ഉദ്യോഗസ്ഥർ പങ്കിട്ടിരുന്നു.
ഇത്തരത്തിൽ അതിർത്തികളിലുള്ള ചെക്ക് പോസ്‌റ്റുകളിൽ കൈക്കൂലി വാങ്ങി കന്നുകാലികളെ കടത്തിവിടുന്നതായി പരാതി നിലനിൽക്കുന്നതായും, തുടർന്നുള്ള ദിവസങ്ങളിൽ മറ്റു ചെക്ക് പോസ്‌റ്റുകളിലും പരിശോധന നടത്തുമെന്ന് വിജിലൻസ് സംഘം പറഞ്ഞു.