വന്ദേഭാരത്: ഏപ്രില്‍ 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, പരിപാടി വർണാഭമാക്കുമെന്ന് പി കെ കൃഷ്‌ണദാസ്
🎬 Watch Now: Feature Video
തിരുവനന്തപുരം: ഏപ്രില്‍ 25 ചൊവ്വാഴ്‌ച ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും ഉണ്ടാകും. ഉദ്ഘാടന പരിപാടി വർണാഭമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കൂടാതെ, തിരുവനന്തപുരം, വർക്കല, കോഴിക്കോട് റെയിൽവേ സ്‌റ്റേഷന്‍റെ റീ ഡെവലപ്പ്മെന്‍റ് എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നേമം കൊച്ചുവേളി ടെർമിനലിന്‍റെ വികസന ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. പാലക്കാട് മുതൽ പഴനി ഡിണ്ടിഗൽ വരെയുള്ള ട്രാക്കിന്‍റെ വൈദ്യുതവത്കരണത്തിന്‍റെ ഉദ്ഘാടനവും നിർവഹിക്കും.
മുഖ്യമന്ത്രി ഉൾപെടെയുള്ളവർ കേരളത്തിൽ വന്ദേഭാരത് ഓടില്ലെന്നും വണ്ടിയുടെ വേഗത മൂലം സര്‍വീസ് നടക്കില്ല എന്നും പ്രചരണം നടത്തും. വന്ദേ ഭാരത് എക്‌സ്‌പ്രസ് ഓടുന്നതിലൂടെ എവിടെയും ട്രെയിൻ പിടിച്ചിടുന്നില്ല. ജനങ്ങൾക്ക് വന്ദേഭാരത് ഓടുന്നതിലൂടെ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും പി കെ കൃഷ്‌ണദാസ് വ്യക്തമാക്കി.
വികസന വിരുദ്ധത നയവും നിലപാടുമായി കൊണ്ടു നടക്കുന്ന യുഡിഎഫും എൽഡിഎഫും അവരുടെ നിലപാട് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്‍റെ പുറത്ത് വന്ന ഇന്‍റലിജന്‍സ് റിപ്പോർട്ട് ഗുരുതര പ്രശ്‌നമാണ്. ആരാണ് പുറത്ത് വിട്ടത് എന്ന കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് പി കെ കൃഷ്‌ണദാസ് പറഞ്ഞു.
പി ഡി പി ഉൾപെടെയുള്ള സംഘടനകളും സംസ്ഥാനത്തിന് പുറത്ത് നിന്നു വരെയുള്ള വിവരങ്ങളാണ് പുറത്ത് വിടുന്നത്. ഇതിനെക്കുറിച്ച് അന്വേഷണം വേണം. പല തീവ്രവാദ സംഘടനകളെയും വെപ്രാളപ്പെടുത്തുന്നുണ്ടാകാം.
കേരളത്തിലെ രാഷ്ട്രീയ രംഗത്ത് പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് എതിരായിട്ട് കോൺഗ്രസ് മാർക്‌സിസ്‌റ്റ് പാർട്ടികൾ പ്രചരണം നടത്തുന്നു. ഇതു കൊണ്ടൊന്നും പ്രധാനമന്ത്രി സന്ദർശനത്തിൽ നിന്നും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.