Oommen chandy public viewing | സാന്ത്വനത്തിന്‍റെ 'മിശിഹ' ഇനിയില്ല ; വിടനല്‍കാന്‍ ജനനിബിഡമായി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് - വി എം സുധീരന്‍

🎬 Watch Now: Feature Video

thumbnail

By

Published : Jul 18, 2023, 9:27 PM IST

തിരുവനന്തപുരം : പരാതികളുമായി എത്തുന്നവര്‍ക്ക് എക്കാലവും സാന്ത്വനമേകിയ പുതുപ്പള്ളി ഹൗസില്‍ ഇന്ന് പതിവിലേറെ തിരക്കായിരുന്നു. പരാതിക്കാരെ സഹിഷ്‌ണുതയോടെ കേട്ടിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളി ഹൗസിലെത്തുമ്പോള്‍ തങ്ങളെ എക്കാലവും ചേര്‍ത്തുനിര്‍ത്തിയ പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാന്‍ കാത്തിരുന്നത് ആയിരങ്ങള്‍. 

മുഖ്യമന്ത്രി ആയതിനുശേഷവും മുന്‍പും സമൂഹത്തിന്‍റെ താഴെത്തട്ടില്‍ ഉള്ളവരില്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. അതുകൊണ്ടുതന്നെ തിരുവനന്തപുരം ജില്ലയില്‍ നാലിടങ്ങളില്‍ പൊതുദര്‍ശനം ഉണ്ടായിട്ടും നിരവധി പേരാണ് അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം കാണാനായി പുതുപ്പള്ളി ഹൗസിലേക്ക് ഒഴുകിയെത്തിയത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പുതുപ്പള്ളി ഹൗസിനുമുന്നിലെത്തിയപ്പോള്‍ പ്രര്‍ത്തകരുടെ വികാരം അണപൊട്ടി. 

ചേതനയറ്റ ശരീരത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് പ്രിയപ്പെട്ടവര്‍: ചിലര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം മുഴക്കി. മറ്റുചിലര്‍ കണ്ണീര്‍ വാര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ ഒരു കാലത്തെ സന്തത സഹചാരിയായിരുന്ന മുന്‍ കെപിസിസി പ്രസിഡണ്ട് വി എം സുധീരന്‍ ഉമ്മന്‍ ചാണ്ടിയുടെ ചേതനയറ്റ ശരീരത്തിനുമുന്നില്‍ പൊട്ടിക്കരഞ്ഞു.

പിന്നാലെ ഭാര്യ എലിസബത്തുമായി എത്തിയ മുഖ്യമന്ത്രി എ കെ ആന്‍റണി മൃതദേഹ പേടകത്തില്‍ വീണ് പൊട്ടിക്കരഞ്ഞു. സിപിഎം നേതാവ് പി ജയരാജന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, സിനിമാതാരങ്ങളായ കുഞ്ചാക്കോ ബോബന്‍, നന്ദു, സിപി ജോണ്‍, തുടങ്ങിയവരും പുതുപ്പള്ളി ഹൗസില്‍ നേരത്തേ എത്തിയിരുന്നു.
ഏകാന്തതയെ ഭയപ്പെട്ടിരുന്ന ആള്‍ക്കൂട്ടത്തിനിടയിലെ രാഷ്ട്രീയ നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ആള്‍നിര റോഡിന്‍റെ ഇരുവശങ്ങളിലുമായി കിലോമീറ്ററുകളോളം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

നിലയ്‌ക്കാത്ത ജനപ്രവാഹം: ഉമ്മന്‍ചാണ്ടിയുടെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. 2:30ഓടു കൂടി എയര്‍പോര്‍ട്ടിലെത്തിച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വിലാപയാത്രയോടെ രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് തിരുവനന്തപുരത്തെ വസതിയില്‍ എത്തിയത്. ചേതനയറ്റ ശരീരം വന്നപ്പോഴും മരണം കുഞ്ഞൂഞ്ഞിനെ കൊണ്ടുപോയെന്ന സത്യം വിശ്വസിക്കാന്‍ അവിടെ കൂടിയിരുന്നവര്‍ തയ്യാറായിരുന്നില്ല.

ഒരു വിളിക്കപ്പുറം സഹായവുമായി ഉണ്ടായിരുന്ന പ്രിയപ്പെട്ട നേതാവിന് ദിക്കുകള്‍ ഞെട്ടുമാറുറക്കെ മുദ്രാവാക്യങ്ങളോടെയായിരുന്നു അവര്‍ യാത്രാമൊഴി ചൊല്ലിയത്. പിന്നീട് മൃതദേഹം ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയപ്പോഴും തിരക്കിന് ശമനമുണ്ടായില്ല. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.