4 സെന്‍റ് കോളനിയില്‍ വീട് ലഭിച്ചതിന് കമ്മിഷന്‍ നല്‍കണമെന്ന് ഭീഷണി; ബിജെപി നേതാക്കള്‍ക്കെതിരെ പരാതിയുമായി വയോധിക - kerala news updates
🎬 Watch Now: Feature Video
ഇടുക്കി: രാജകുമാരിയിലെ 4 സെന്‍റ് കോളനിയില്‍ വീട് അനുവദിച്ചതിന് കമ്മിഷന്‍ ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി വയോധിക. പന്നിയാർ ജംങ്‌ഷനിലെ കോളനി നിവാസിയായ മേരി രാജുവാണ് രണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ രാജാക്കാട് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് മേരി പൊലീസില്‍ പരാതി നല്‍കിയത്.
വര്‍ഷങ്ങളായി കോളനിയിലെ താമസക്കാരിയായ മേരി ഭര്‍ത്താവിന്‍റെ ചികിത്സക്കായി മാസങ്ങളോളം ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ വച്ച് ഭര്‍ത്താവ് മരിച്ചതിന് പിന്നാലെയാണ് മേരി വീണ്ടും കോളനിയിലെ വീട്ടിലെത്തിയത്. എന്നാല്‍ വീട്ടിലെത്തിയപ്പോഴേക്കും മേരിയുടെ വീട് പഞ്ചായത്ത് മറ്റൊരു കുടുംബത്തിന് നല്‍കി.
സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരെ സമീപിച്ചതോടെ കോളനിയില്‍ തന്നെ മറ്റൊരു വീട് മേരിക്ക് തരപ്പെടുത്തി കൊടുക്കുകയായിരുന്നു. പുതിയ വീട്ടില്‍ താമസം തുടങ്ങിയപ്പോഴാണ് ബിജെപി നേതാക്കള്‍ ഭീഷണിയുമായെത്തിയത്. തങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് പഞ്ചായത്ത് വീട് അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പണം ആവശ്യപ്പെട്ടത്.
വീടും സ്ഥലവും അനുവദിച്ചതിന് 10,000 രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ വീട്ടില്‍ നിന്നും ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും മേരി പറയുന്നു. രാഷ്‌ട്രീയ സ്വാധീനമുള്ളത് കൊണ്ട് തന്നെ ഇവരുടെ ശല്യം കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മേരി പരാതിയില്‍ പറഞ്ഞു. മേരിയുടെ പരാതിയില്‍ രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.