കിളിമാനൂരില്‍ ഭാര്യയെ കൊലപ്പെടുത്തി വയോധികന്‍ ജീവനൊടുക്കി - തിരുവനന്തപുരം കിളിമാനൂർ
🎬 Watch Now: Feature Video
തിരുവനന്തപുരം : കിളിമാനൂർ കാരേറ്റ് പേടിക്കുളത്ത് ഭാര്യയെ കൊലപ്പെടുത്തി വയോധികന്‍ ആത്മഹത്യ ചെയ്‌തു. കാരേറ്റ് പേടിക്കുളം പവിഴം വീട്ടിൽ രാജേന്ദ്രനും ( 65) ഭാര്യ ശശികലയുമാണ് (60) മരിച്ചത്. മാര്‍ച്ച് 17ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം. ശശികലയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയിൽ ചെന്ന് രാജേന്ദ്രൻ ജീവനൊടുക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിനും ശേഷമുള്ള ആത്മഹത്യയ്‌ക്കും കാരണമെന്നാണ് പ്രാഥമിക നിഗമനം. രാജേന്ദ്രൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റില്‍ നിന്നും പെൻഷൻ ആയ ആളാണ്. ഇയാളുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിലെ ഭാര്യ മരണപ്പെട്ടു. അതിൽ മക്കളുണ്ട്. സംഭവം നടന്ന വീട്ടിൽ രാജേന്ദ്രനും ഭാര്യയും മാത്രമാണ് താമസം. കിളിമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ച് പൊലീസ് പറയുന്നത് : എറണാകുളത്ത് താമസിക്കുന്ന, രാജേന്ദ്രന്‍റെ മകന്‍ ഫോണിലൂടെ സുഹൃത്തിനോട് വീട്ടില്‍ ചെന്ന് നോക്കാന്‍ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ കതക് അടച്ച നിലയിലായിരുന്നു. വാതിലില്‍ മുട്ടി വിളിക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്‌തെങ്കിലും പ്രതികരിച്ചില്ല. ഇതേതുടര്‍ന്ന് ഇയാള്‍ രാജന്ദ്രന്‍റെ അനുജനെ വിളിച്ചുവരുത്തി കിടപ്പുമുറിയിലെ ജനാലച്ചില്ല് തകര്‍ത്ത് നോക്കുമ്പോള്‍ ശശികലയുടെ മൃതദേഹം ആദ്യം കണ്ടെത്തി. ശേഷം, വീടിന്‍റെ മറ്റൊരു മുറിയില്‍ രാജേന്ദ്രനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തുകയായിരുന്നു.