കാസർകോട് വന്‍ കവര്‍ച്ച; വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി മുഖമൂടി സംഘം സ്വർണം കവർന്നു
🎬 Watch Now: Feature Video
കാസർകോട് :പരവനടുക്കത്ത് വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നു. കൈന്താറിലെ കുഞ്ഞിക്കണ്ണൻ - തങ്കമണി ദമ്പതികളുടെ എട്ട് പവനോളം സ്വർണമാണ് മുഖംമൂടി ധരിച്ച മൂന്നംഗ സംഘം കവർന്നത്. ഇന്നലെ രാത്രി 11.30 ഓടെയാണ് മോഷണം അരങ്ങേറിയത്. വൃദ്ധദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിലെത്തിയായിരുന്നു കവർച്ച. വീടിന്റെ ഓടിളക്കി അകത്ത് കയറിയ കവർച്ചാ സംഘം ആദ്യം കുഞ്ഞിക്കണ്ണനെ കത്തികാട്ടി ബന്ദിയാക്കി. ശുചിമുറിയിലേക്ക് പോകുകയായിരുന്ന കുഞ്ഞികണ്ണനെ വീടിനുള്ളില്‍ ഒളിച്ചിരുന്ന മോഷ്ടക്കൾ വായ പൊത്തിപിടിക്കുകയായിരുന്നു. കാശ് കാശ് എന്ന് മോഷ്ടാക്കൾ പറയുന്നുണ്ടായിരുന്നുവെന്ന് കുഞ്ഞിക്കണ്ണൻ ഓർക്കുന്നു. മോഷ്ടാക്കളിൽ ഒരാൾ കുഞ്ഞിക്കണ്ണന്റെ മുഖത്ത് ഇടിക്കുകയും ചെയ്തു.തുടർന്ന് കിടപ്പുമുറിയിൽ ഉണ്ടായിരുന്ന ഭാര്യ തങ്കമണിയെ വിളിച്ചുവരുത്തി. ഇരുവരെയും ബന്ദിയാക്കിയായിരുന്നു മോഷണം.ആദ്യം താലിമാല ഊരി വാങ്ങി. പിന്നീട് അലമാരയുടെ താക്കോൽ ആവശ്യപ്പെട്ടു. ഭയപ്പെട്ട ദമ്പതികൾ താക്കോൽ കൊടുത്തു. വീട് മുഴുവൻ മോഷ്ടാക്കൾ അരിച്ചു പൊറുക്കുകയും ചെയ്തു.ദേഹത്ത് ധരിച്ചിരുന്നതും, അലമാരയിൽ സൂക്ഷിച്ചതുമായ എട്ട് പവനോളം സ്വർണമാണ് സംഘം കവർന്നത്.മോഷണത്തിന് പിന്നിൽ പ്രൊഫഷണൽ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം.രണ്ടുമണിക്കൂർ നേരം മോഷ്ടക്കൾ വീട്ടിൽ ഉണ്ടായിരുന്നതായി ദമ്പതികൾ പറയുന്നു.സംഭവത്തിൽ ബേക്കൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം.