എല്ലാം സിസിടിവി കണ്ടിരുന്നു, കുഞ്ഞിനെ തട്ടിയെടുത്ത് ട്രെയിനില്‍ കേരളത്തിലെത്തി, ഒടുവില്‍ പിടിയില്‍ - arrest
🎬 Watch Now: Feature Video
തിരുവനന്തപുരം: നാഗർകോവിലിൽ നിന്ന് കുഞ്ഞിനെ കടത്തികൊണ്ടു വന്ന 2 നാടോടികൾ പിടിയിൽ. ശാന്തി, നാരായണൻ എന്നിവരെയാണ് ചിറയിൻകീഴ് പൊലീസ് പിടികൂടിയത്. 4 മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഇരുവരും ചേർന്ന് കടത്തിക്കൊണ്ടുവന്നത്.
നാഗർകോവില്‍ ബസ് സ്റ്റാൻഡിൽ നിന്നുമാണ് നാരായണനും ശാന്തിയും കുഞ്ഞിനെ തട്ടികൊണ്ട് വന്നതെന്നാണ് പൊലീസ് പറയുന്നത്. രക്ഷിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ അവരറിയാതെ കടത്തി ഏറനാട് എക്‌സ്‌പ്രസിൽ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. ഇതിനിടെ കുഞ്ഞിനെ കാണാതായ ദമ്പതികൾ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് തമിഴ്‌നാട് പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് വ്യാപക അന്വേഷണം നടത്തുകയും കേരള പൊലീസിനെ വിവരമറിയിക്കുകയും ചെയ്‌തു.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ഉൾപ്പടെയുള്ള എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറി. ഇതിനിടെ കഠിനംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ട കൈക്കുഞ്ഞിനെ സംശയം തോന്നി സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് സിഐ കെ കണ്ണന്‍റെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെയും കുഞ്ഞിനെയും തമിഴ്‌നാട് പൊലീസിന് കൈമാറിയിട്ടുണ്ട്.
റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പ്രതികളിലേക്ക് എത്തുന്നതിന് സഹായകമായി. ഭിക്ഷാടനത്തിനായാണ് കുഞ്ഞിനെ കടത്തിയതെന്നാണ് പ്രാഥമിക വിവരം. കുഞ്ഞിനെ വളർത്താനുള്ള ആഗ്രഹം കൊണ്ടാണെന്നാണ് പ്രതികളുടെ മൊഴി. നാരായണൻ കുറച്ചുകാലം മുമ്പ് കുട നന്നാക്കുന്ന ജോലിയുമായി ചിറയിൻകീഴ് വലിയ കടയിൽ ഉണ്ടായിരുന്നു.