വിഷു എത്തിയിട്ടും ആഘോഷങ്ങളില്ല; ആശങ്ക പേറി സിങ്കുകണ്ടം നിവാസികള്‍
🎬 Watch Now: Feature Video
ഇടുക്കി: വിഷുക്കണി കണ്ടുണര്‍ന്ന് കേരളം ആഘോഷത്തില്‍ മുഴുകുമ്പോഴും ആഘോഷങ്ങള്‍ ഇല്ലാതെ ചിന്നക്കനാല്‍ സിങ്കുകണ്ടം നിവാസികള്‍. കണിക്കൊന്ന പൂത്ത് വിഷു എത്തിയിട്ടും സിങ്കുകണ്ടത്തെ കര്‍ഷകര്‍ക്ക് ഇത്തവണ ആശങ്കകള്‍ മാത്രം. കാടിറങ്ങുന്ന വന്യമൃഗങ്ങളാല്‍ ഇവിടുത്തുകാര്‍ക്ക് ഉറക്കം നഷ്‌ടപ്പെട്ടിട്ട് മാസങ്ങളായി. വന്യമൃഗ ശല്യം രൂക്ഷമാകുന്നതോടെ ജനിച്ച് വളര്‍ന്ന മണ്ണില്‍ നിന്നും കുടിയിറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് തങ്ങളെന്ന് സിങ്കുകണ്ടം നിവാസികള്‍ പറയുന്നു.
പതിറ്റാണ്ടുകളായി നീളുന്ന വന്യമൃഗ ശല്യവും കുടിയൊഴിപ്പിക്കല്‍ ഭീഷണിയും തങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. മേഖലയില്‍ സ്ഥിരമായെത്തി ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ വൈകുന്നതും ഇവിടുത്തെ ജനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. അതുകൊണ്ട് തന്നെ അരിക്കൊമ്പന്‍ ദൗത്യം ആരംഭിക്കാന്‍ ഏത് സമയത്തും തങ്ങള്‍ സജ്ജമാണെന്ന് നാട്ടുകാര്‍ പറയുന്നു.
മൃഗ സ്‌നേഹികളുടെയും കോടതിയുടെയും ഇടപെടല്‍ കാരണം നീണ്ടു പോകുന്ന 'മിഷന്‍ അരിക്കൊമ്പന്‍' കെടുത്തി കളഞ്ഞത് ഒരു ജനതയുടെ സമാധാനമാണ്. വിഷു ദിനത്തില്‍ ആഘോഷങ്ങള്‍ക്ക് പകരം മനസില്‍ ആശങ്ക നിറച്ചിരിക്കുന്ന സിങ്കുകണ്ടത്തെ ജനങ്ങളുടെ മുഖം ഒരോര്‍മപ്പെടുത്തലാണ്. തങ്ങള്‍ക്കും ഈ മണ്ണില്‍ സമാധാനമായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന ഓര്‍മപ്പെടുത്തല്‍.
തങ്ങളുടെ കാലം കഴിഞ്ഞു. വരും തലമുറക്കെങ്കിലും ഇവിടെ സ്വസ്ഥമായി ജീവിക്കണം. അതിനായി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.