ഗോഫസ്റ്റ് സർവീസ് നിർത്തിവച്ചത് കിയാലിന് തിരിച്ചടി; പാഴ്‌വാക്കായി കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഉറപ്പ് - no action on Go First service Suspended issue

🎬 Watch Now: Feature Video

thumbnail

By

Published : May 18, 2023, 12:34 PM IST

കണ്ണൂർ: ഗോഫസ്റ്റ് എയർലൈൻസ് സർവീസുകൾ നിർത്തിവച്ചത് കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിന് വൻ തിരിച്ചടി. സർവീസുകളുടെ എണ്ണം കുറയുന്നതോടൊപ്പം വലിയ വരുമാന നഷ്‌ടമാണ് കാത്തിരിക്കുന്നത്. സർവീസുകൾ ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. 

വിമാന എഞ്ചിനുകളുടെ തകരാർ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനിടയാക്കിയത്. പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടിക്കായി ഗോഫസ്റ്റ് നൽകിയ അപേക്ഷ ദേശീയ നിയമ ട്രിബൂണലിന്‍റെ പരിഗണനയിലാണ്. ഇതോടെ എയർ ഇന്ത്യ എക്‌സ്‌പ്രസും ഇൻഡിഗോയും മാത്രമാണ് കണ്ണൂരിൽ നിന്ന് സർവീസിനുള്ളത്. ദോഹ സർവീസ് ഒഴിച്ചാൽ ഇൻഡിഗോയുടേതെല്ലാം ആഭ്യന്തര സർവീസുകളാണ്. ദുബായ്, അബുദാബി, മസ്‌ക്കറ്റ്, ദമാം, കുവൈത്ത്, മുംബൈ എന്നിവിടങ്ങളിലേക്കാണ് കണ്ണൂരിൽ നിന്ന് സർവീസ് നടത്തിയിരുന്നത്.

ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും: കുവൈത്ത്, മുംബൈ എന്നിവിടങ്ങളിലേക്കാണ് ഗോഫസ്റ്റ് സർവീസ് നടത്തിയിരുന്നത്. കുവൈത്ത്, ദമാം, മുംബൈ എന്നിവിടങ്ങളിലേക്ക് ഇതോടെ സർവീസ് ഇല്ലാതായി. പാർക്കിങ്, ലാൻഡിങ് ഫീസിനത്തിലും പ്രതിദിനം 10 ലക്ഷം രൂപയോളം കിയാലിന് ഗോഫസ്റ്റ് നൽകുന്നുണ്ട്. ഇതിനുപുറമെ എയർ ഇന്ത്യ എക്‌സ്‌പ്രസും സർവീസ് നടത്തിയിരുന്നതിനാൽ ദുബായ്, അബുദാബി മേഖലകളിലേക്ക് യാത്രാനിരക്കിൽ ചെറിയ കുറവുണ്ടായിരുന്നു. എയർ ഇന്ത്യ എക്‌സ്‌പ്രസ് മാത്രം സർവീസ് നടത്തുമ്പോൾ ഇനി ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരും. 

നവംബറിൽ അവസാനിപ്പിച്ച എയർ ഇന്ത്യയുടെ കണ്ണൂർ ഡൽഹി സർവീസ് ഇനിയും പുനരാരംഭിച്ചിട്ടില്ല. കണ്ണൂരിൽ നിന്ന് മുംബൈ വഴി ഡൽഹിയിലേക്ക് തിരിച്ചുവരുന്നവരുടെ യാത്രയും മുടങ്ങി. കണ്ണൂർ ഹബ്ബായി തെരഞ്ഞെടുത്ത ഗോഫസ്റ്റ് ഏറ്റവും അധികം സർവീസുകൾ നടത്തിയിരുന്നത് കണ്ണൂർ വിമാനത്താവളത്തിൽ നിന്നായിരുന്നു. ഇൻഡിഗോ, കണ്ണൂരിൽ നിന്ന് സര്‍വീസ് നടത്തിയിരുന്ന ആഭ്യന്തര സർവീസുകളും ഇപ്പോഴില്ല. ലാഭകരമല്ലെന്ന് കണ്ടാണ് കരാർ അവസാനിപ്പിച്ചത്.

വി മുരളീധരന്‍ പറഞ്ഞത്: സർവീസുകൾ പൊടുന്നനെ അവസാനിപ്പിച്ചത് ട്രാവൽ ഏജൻസികളെയും യാത്രക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മെയ്‌ 14ന് പറഞ്ഞിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് തുടര്‍നടപടിയൊന്നും ഉണ്ടായില്ല. പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ടന്നും നയപരമായ ചില തടസങ്ങൾ ഉള്ളതുകൊണ്ടാണ് വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകാത്തതെന്നുമാണ് കേന്ദ്രമന്ത്രി ഇതേക്കുറിച്ച് വിശദമാക്കിയത്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.