ഏകീകൃത കുർബാന വിഷയം : വിമത വിഭാഗത്തെ ശക്തമായി വിമർശിച്ച് പുതിയ ആർച്ച് ബിഷപ്പ് - ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ
🎬 Watch Now: Feature Video
Published : Jan 19, 2024, 2:20 PM IST
ഇടുക്കി: ഏകീകൃത കുർബാന വിഷയത്തിൽ നിലപാട് വ്യക്തമാക്കി പുതിയ ആർച്ച് ബിഷപ്പ്. വിമത വിഭാഗത്തിനെതിരെ ശക്തമായ വിമർശനമാണ് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ നടത്തിയത് (Arch Bishop Criticized Rebel Group). ഇടുക്കി നെടുംകണ്ടത്ത് കുർബാന അർപ്പിച്ച് സന്ദേശം നൽകുന്നതിനിടെയാണ് ആർച്ച് ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്. സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല ആരാധനാക്രമമെന്നും സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുകൾ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. സഭ ഇപ്പോൾ കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. എന്ത് പ്രതിസന്ധി ഉണ്ടായാലും ദൈവം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുക്കി നിർമ്മിച്ച നെടുംകണ്ടം സെന്‍റ് സെബാസ്റ്റ്യൻ ദേവാലയത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേയ്‌ക്ക് ഉയർത്തി. മേജർ ആർക്കി എപ്പിസ്കോപ്പല്‍ തീർത്ഥാടന കേന്ദ്രത്തിന്‍റെ പദവിയിലേക്ക് ഉയരുന്ന ഇടുക്കി ജില്ലയിലെ ആദ്യ ദേവാലയമാണ് നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യൻ ചർച്ച്. കൂദാശ കര്‍മ്മത്തില്‍ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തുടങ്ങിയവർ സഹകർമികരായി. ഡീൻ കുര്യാക്കോസ് എം പി, എം എം മണി എം എൽ എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.