New lions at zoo | കൂടുകൾ തൊട്ടടുത്ത്, നേരിട്ട് കണ്ടാൽ ആക്രോശം; തിരുവനന്തപുരം മൃഗശലായിൽ കൗതുക കാഴ്‌ചയായി ലിയോയും നൈലയും - news lions at zoo
🎬 Watch Now: Feature Video
തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയിലെ പുതിയ അതിഥികളാണ് ലിയോയും നൈലയും. ജൂണ്‍ അഞ്ചിന് തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ഈ രണ്ട് സിംഹങ്ങളും തിരുവനന്തപുരത്തെത്തിയത്. നിലവിൽ സന്ദര്‍ശക കൂട്ടിലേക്ക് മാറ്റിയ ലിയോയുടേയും നൈലയുടേയും കൂടുകള്‍ തമ്മിലെ അകലം കമ്പിവലകൊണ്ടുള്ള ഒരു മറ മാത്രമാണ്.
നേര്‍ക്കുനേര്‍ കണ്ടാല്‍ രണ്ടാളും ആക്രോശിച്ച് ശൗര്യത്തോടെ പാഞ്ഞടുക്കും. അതിനാൽ, ലിയോയുടേയും നൈലയുടേയും ഇണക്കവും പിണക്കവും സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്‌ചയാണ്. ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട സിംഹങ്ങളാണ് ഇരുവരും. ഏഷ്യാറ്റിക് സിംഹത്തിന്‍റേയും ആഫ്രിക്കന്‍ സിംഹത്തിന്‍റേയും സങ്കരയിനമാണ് ഹൈബ്രിഡ് ഇനം.
ലിയോയ്ക്ക് ആറ് വയസും നൈലക്ക് അഞ്ച് വയസുമാണ് പ്രായം. പുള്ളിപ്പുലിയുടേയും കടുവകളുടേയും കൂടിന് സമീപത്തായാണ് ലിയോയുടേയും നൈലയുടേയും കൂട്. വിശാലമായ കൂടിനുള്ളില്‍ സിംഹങ്ങള്‍ക്ക് നടക്കുന്നതിനും കിടക്കുന്നതിനും റാംപും (RAMP) കുളവും വെള്ളച്ചാട്ടവും ഒരുക്കിയിട്ടുണ്ട്.
നൈലയെ മൃഗശാലയില്‍ എത്തിച്ചതു മുതല്‍ അഞ്ച് കിലോ ഇറച്ചിയാണ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ആറ് കിലോയാണ് നല്‍കുന്നത്. ലിയോക്ക് ഏഴ് കിലോ ഇറച്ചിയാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ അത് എട്ട് കിലോയായിട്ടുണ്ട്. ദിവസവും ഒരു നേരമാണ് ഇവയ്‌ക്ക് ആഹാരം നല്‍കുന്നത്.
ലിയോയും നൈലയും എത്തിയതോടെ മൃഗശാലയിലെ ഏക സിംഹമായ എട്ട് വയസുകാരി ഗ്രേസിക്കും കൂട്ടായി. 22 വയസ് പ്രായമുള്ള ആയുഷ് മൃഗശാല ആശുപത്രിയിലാണ്. ലിയോയുടേയും നൈലയുടേയും വിശേഷങ്ങള്‍ ഇതൊക്കെയാണെങ്കില്‍ ഇവര്‍ക്കൊപ്പം തിരുപ്പതിയില്‍ നിന്ന് കൊണ്ടുവന്ന ഒരു ജോഡി ഹനുമാന്‍ കുരങ്ങുകളിലൊന്നായ പെണ്‍കുരങ്ങ് പരീക്ഷണാര്‍ഥം കൂട് തുറന്നപാടെ രക്ഷപ്പെട്ട് മൃഗശാലയിലെ മരത്തിന് മുകളില്‍ വാശി കാട്ടിയിരുന്ന് ജീവനക്കാരെ പരീക്ഷിക്കുകയാണ്.
മരത്തിന് താഴെ മറ്റൊരു കൂട്ടില്‍ ഇണയേയും കാത്തിരിക്കുകയാണ് തിരുപ്പതി മൃഗശാലയില്‍ നിന്നെത്തിച്ച ആണ്‍ ഹനുമാന്‍ കുരങ്ങ്. ഹനുമാന്‍ കുരങ്ങിനെ പിന്നീടാകും തുറന്ന് കൂട്ടിലേക്ക് മാറ്റുക. തിരുപ്പതിയില്‍ നിന്നെത്തിച്ച സിംഹങ്ങളെ തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായി മന്ത്രി ചിഞ്ചു റാണിയാണ് ഇന്ന് സിംഹങ്ങള്‍ക്ക് ലിയോ എന്നും നൈലയെന്നും പേരിട്ടത്. ഹനുമാന്‍ കുരങ്ങിലൊന്ന് താഴെ ഇറങ്ങിയ ശേഷം ഇവയെ തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ഇവയ്‌ക്കും പുതിയ പേരു നല്‍കും.