'ചതിച്ചാശാനെ ചതിച്ച്', നവകേരള ബസ് ചെളിയില്‍ പുതഞ്ഞു; കെട്ടിവലിച്ച് പൊലീസും നാട്ടുകാരും - ചെളിയിൽ കുടുങ്ങി നവകേരള ബസ്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 23, 2023, 10:17 PM IST

മാനന്തവാടി: നവകേരള സദസിന്‍റെ ഭാഗമായി മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ സഞ്ചരിക്കുന്ന ബസിന്‍റെ ചക്രങ്ങൾ ചെളിയിൽ താഴ്ന്നു (Navakerala Bus Trapped In Mud). നവകേരള സദസിനായി മന്ത്രിമാർ വായനാട്ടിലെത്തിയപ്പോഴാണ് ബസ് കുടുങ്ങിയത്. മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മൈതാനത്ത് പാർക് ചെയ്‌ത ബസിന്‍റെ ചക്രങ്ങൾ ചെളിയിൽ പൂണ്ടു പോകുകയായിരുന്നു. കഴിഞ്ഞ രാത്രി പെയ്‌ത ശക്തമായ മഴയേത്തുടർന്നാണ് മൈതാനത്ത് ചെളി നിറഞ്ഞത്. മന്ത്രിമാർ ബസിൽനിന്ന് പുറത്തിറങ്ങിയ ശേഷം ബസ് ഈ ചെളിയിൽ കുടുങ്ങുകയായിരുന്നു. ഡ്രൈവർ പരിശ്രമിച്ചെങ്കിലും വണ്ടി ചെളിയിൽ നിന്ന് കയറ്റാനായില്ല. ഇതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും നാട്ടുകാരും ഇടപെട്ടു. തുടർന്ന് പൊലീസുകാരും നാട്ടുകാരും ചേർന്ന് കെട്ടിവലിച്ചാണ് ബസ് ചെളിയിൽ നിന്ന് കയറ്റിയത്. നവകേരള സദസിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു ചെളിയിൽ പുതഞ്ഞ ബസ് പുറത്തെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ പരിശ്രമം നടന്നത്. അതേസമയം മാനന്തവാടിയില്‍ നവകേരള സദസിന് നേരെ  കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. മാനന്തവാടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്‍റ് എ.എം നിഷാന്ത്, യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്‍റ് അസീസ് വാളാട്, യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ അരണപ്പാറ എന്നിവര്‍ ഉള്‍പ്പെടെ 10 പേരാണ് അറസ്റ്റിലായത്. നവകേരള സദസുമായി ബന്ധപ്പെട്ട് വയനാട് പനമരം, കമ്പളക്കാട്, വെള്ളമുണ്ട എന്നിവിടങ്ങളില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. പനമരം കൈതക്കലിലൂടെ മുഖ്യമന്ത്രിയും സംഘവും കടന്ന് പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇരു സംഘങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. ഇതിന് പുറമെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച ലീഗ്  പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ്  ചെയ്‌തു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.