എക്‌സ്‌റേയെടുക്കാന്‍ വിസമ്മതിച്ച് ജീവനക്കാരോട് തട്ടിക്കയറി, പിന്നെ ആത്മഹത്യ ഭീഷണി; മെഡിക്കല്‍ കോളജില്‍ റിമാന്‍ഡ് പ്രതിയുടെ പരാക്രമം - റിമാന്‍ഡ് പ്രതിയുടെ പരാക്രമം
🎬 Watch Now: Feature Video
തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റിമാന്‍ഡ് പ്രതിയുടെ പരാക്രമം. കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കോട്ടയം സ്വദേശി ലുധീഷ് എന്ന പുല്‍ച്ചാടി ലുധീഷാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് (Thrissur Medical College) ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. എക്‌സ്‌റേ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഇയാള്‍ പ്രകോപിതനായത്. ഇന്നലെ (ജൂണ്‍ 26) വൈകിട്ടായിരുന്നു സംഭവം.
കേസിന്‍റെ ഭാഗമായി ലുധീഷിനെ കോടതിയില്‍ കൊണ്ടുപോയിരുന്നു. തുടര്‍ന്ന് ഇയാളെ തിരികെ ജയിലില്‍ എത്തിച്ചു. ഇതിനിടെ സ്വകാര്യഭാഗത്തായി ഇയാള്‍ എന്തോ ഒളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിന് സംശയം തോന്നി.
തുടര്‍ന്നാണ് ലുധീഷിനെ എക്‌സ്‌റേ പരിശോധനയ്‌ക്ക് വേണ്ടി തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഇതില്‍ പ്രകോപിതനായ ഇയാള്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ തിരിഞ്ഞു. എക്‌സ്‌റേ എടുക്കാന്‍ വിസമ്മതിച്ച ഇയാള്‍ മണിക്കൂറുകളോളം നേരം ജീവനക്കാരുമായി മല്‍പ്പിടുത്തം നടത്തി.
ഇതിനിടെ ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു. ഒടുവില്‍ മെഡിക്കല്‍ കോളജ് പൊലീസും, കൂടുതല്‍ ജയില്‍ ഉദ്യോഗസ്ഥരും എത്തി ഇയാളെ കീഴ്‌പ്പെടുത്തി ശേഷം അര്‍ധരാത്രിയോടെ എക്സ്റേയ്ക്ക് വിധേയനാക്കി. ഒടുവില്‍ പരിശോധനയില്‍ ഇയാള്‍ ഒളിപ്പിച്ച ഒരു പൊതി ബീഡിയും പൊലീസ് കണ്ടെടുത്തു.