മൂന്നാറിന്‍റെ മടിത്തട്ടിൽ മഞ്ഞും മഴയുമേറ്റ് ഉറങ്ങുന്നു, കാഴ്‌ചാനുഭവങ്ങളുടെ സ്വർഗമാണ് പെരിയകനാൽ
🎬 Watch Now: Feature Video
ഇടുക്കി : ഇടുക്കിയിലെ പെരിയകനാലിന്‍റെ ഹരിത ഭംഗിയെക്കുറിച്ച് വർണിക്കുകയാണ് സഞ്ചാരികൾ. മൺസൂണിലെ നൂൽമഴയിൽ നനഞ്ഞ് കുതിർന്ന തേയില ചെരുവുകളും കാറ്റിനൊപ്പം സഹ്യന്‍റെ മടിത്തട്ടിൽ ഒളിച്ചു കളിക്കുന്ന മൂടൽ മഞ്ഞും പാൽനുരച്ചാർത്തുപോലെ പതഞ്ഞ് ഒഴുകുന്ന വെള്ളച്ചാട്ടവും പെരിയകനാലിനെ കൂടുതൽ സുന്ദരിയാക്കിയിരിക്കുകയാണ്.
തെക്കിന്‍റെ കശ്‌മീരായ മൂന്നാറിന്‍റെ മടിത്തട്ടിൽ മഞ്ഞും മഴയുമേറ്റ് ഉറങ്ങുന്ന സുന്ദര ഭൂമിയാണ് പെരിയകനാൽ. സഹ്യപർവ്വത നിരയുടെ ചെരുവിൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന തേയില തോട്ടങ്ങളാൽ സമൃദ്ധമാണ് ഇവിടം. മലനിരകളെ തഴുകിയെത്തുന്ന മൂടൽ മഞ്ഞ് കാറ്റിനൊപ്പം പോയി മറയുമ്പോൾ കൺമുൻപിൽ തെളിയുന്നത് മനം കുളിരുന്ന കാഴ്‌ചകളാണ്.
തേയില ഫാക്‌ടറിയിൽ നിന്നും ഉയരുന്ന ചായപൊടിയുടെ ഗന്ധവും ദേശീയപാതയോരത്തെ തൊഴിലാളികളുടെ കൊച്ചു വീടുകളും ഇതിനെല്ലാം ഉപരി സഞ്ചാരികളെ പെരിയകനാലിലേക്ക് ആകർഷിക്കുന്ന പവർ ഹൗസ് വെള്ളച്ചാട്ടവുമൊക്കെ മായികലോകമാണ് സമ്മാനിക്കുന്നത്. പെരിയകനാലിന്‍റെ ഹരിത ഭംഗിയിൽ ഇവിടേക്ക് എത്തുന്നത് നിരവധി സഞ്ചാരികളാണ്. മഞ്ഞും തണുപ്പും ചാറ്റൽ മഴയും ചേർന്ന മൺസൂൺ കാലത്ത് ഇവിടെ സന്ദർശനം നടത്താനാണ് ആളുകൾ ഏറെ ഇഷ്‌ടം.
Also read : Ranipuram | കോടമഞ്ഞ് പുതച്ച് കേരളത്തിന്‍റെ ഊട്ടി, റാണിപുരത്തേക്ക് ഒഴുകിയെത്തി സഞ്ചാരികൾ