Munambam Boat Accident Fisherman Missing മുനമ്പത്ത് ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടം : കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു
🎬 Watch Now: Feature Video
Published : Oct 6, 2023, 9:02 AM IST
എറണാകുളം : മുനമ്പത്ത് കടലിൽ ഫൈബർ വള്ളം മറിഞ്ഞ് (Munambam Boat Accident) കാണാതായ മത്സ്യത്തൊഴിലാളികൾക്കായി (Fisherman Missing) തെരച്ചിൽ തുടരുന്നു. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. വ്യാഴാഴ്‌ച രാത്രിയായിരുന്നു ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് ഏഴ് പേർ അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നുപേരെ മത്സ്യത്തൊഴിലാളികൾ തന്നെ രക്ഷപ്പെടുത്തിയിരുന്നു. വ്യാഴാഴ്‌ച രാത്രി ഈ ബോട്ടിലെ മൂന്ന് തൊഴിലാളികളെ രാത്രി എട്ടോടെ അതുവഴി എത്തിയ സെന്‍റ് ജൂഡ് ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. മാലിപ്പുറം സ്വദേശികളായ ബൈജു, മണിയൻ, ആലപ്പുഴ സ്വദേശി ആനന്ദൻ എന്നിവരാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. തുടർന്ന് വൈപ്പിൻ മറൈൻ ആംബുലൻസ്, ഫിഷറീസ് സംഘം, മത്സ്യത്തൊഴിലാളി വള്ളങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം രാത്രി വൈകിയും നടത്തിയെങ്കിലും കാണാതായവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മാലിപ്പുറം സ്വദേശികളായ അപ്പു, താഹ, മോഹനൻ, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ നൽകിയ വിവരം. കടലിലുണ്ടായിരുന്ന ഒരു ബോട്ടിൽ നിന്ന് മത്സ്യം എടുത്തുവരുകയായിരുന്ന 'നന്മ' എന്ന ഫൈബർ വള്ളമാണ് മുങ്ങിയത്. നിലവിൽ കോസ്റ്റ് ഗാർഡ് സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്.