നവജാത ശിശുവിനെ കുളിമുറിയില്‍ ഉപേക്ഷിച്ച ശേഷം അമ്മ ആശുപത്രിയിലെത്തി, കുഞ്ഞിന് രക്ഷകരായി പൊലീസുകാര്‍, യുവതിക്കെതിരെ കേസ് - ചെങ്ങന്നൂര്‍
🎬 Watch Now: Feature Video
ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയ്ക്ക് സമീപം കോട്ടയില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി ജീവൻ രക്ഷിക്കുകയായിരുന്നു. അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി അറിയിച്ചത് അനുസരിച്ചാണ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്.
നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരവും ഇന്ത്യൻ ശിക്ഷ നിയമ പ്രകാരവും യുവതിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. വീട്ടില്‍ വെച്ച് പ്രസവിച്ചെന്നും കുഞ്ഞിനെ കുളിമുറിയില്‍ ഉപേക്ഷിച്ചെന്നും കുഞ്ഞ് മരിച്ചെന്നുമാണ് യുവതി ആശുപത്രി അധികൃതരോട് പറഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം ചെങ്ങന്നൂർ പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസിന്‍റെ അവസരോചിതമായ ഇടപെടല്‍: ചെങ്ങന്നൂർ ഇൻസ്പെക്‌ടർ വിപിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഉടന്‍ മുളക്കുഴയിലെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ബക്കറ്റിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. എടുത്തപ്പോൾ കുഞ്ഞ് അനങ്ങുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍പെട്ടു. പൊലീസ് ഉടൻ കുഞ്ഞിനെ തൊട്ടടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് യുവതിയെന്നാണ് സൂചന. കുഞ്ഞിന് ജീവനുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശുചിമുറിയിലെ ബക്കറ്റില്‍ കണ്ടെത്തിയ ചോരക്കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസുകാര്‍ ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പിന്നീട് ആറന്മുള പൊലീസ് കുട്ടിക്ക് സംരക്ഷണം നൽകുന്നതിന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. തണൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ കൂടുതൽ പരിചരണവും ചികിത്സയും നൽകുന്നതിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. 1.3 കിലോഗ്രാം മാത്രം തൂക്കമുള്ള ആൺകുട്ടിയെയാണ് ബക്കറ്റിൽ കണ്ടെത്തിയത്.
ആറന്മുള പൊലീസ് സ്‌റ്റേഷനിൽ ഇൻസ്പെക്‌ടർ സി കെ മനോജ് , എസ് ഐ അലോഷ്യസ്, ഹരീന്ദ്രൻ , എഎസ് ഐ ജയകുമാർ , സീനിയർ സിവിൽ പൊലീസ് ഓഫീസർ സലിം, സിവിൽ പൊലീസ് ഓഫീസർമാരായ ഫൈസൽ മനു ചെങ്ങന്നൂർ പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്‌ടർ വിപിൻ, എസ് ഐ അഭിലാഷ് എന്നിവരുൾപെട്ട സംഘമാണ് അവസരോചിതമായി ഇടപെട്ട് കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തിയത്.
കുഞ്ഞിന്‍റെ ഫോട്ടോ പ്രചരിപ്പിച്ചാല്‍ കേസ്: അതേസമയം, പ്രസവത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിൻ്റെയും സഹോദരന്‍റെയും ഫോട്ടോ, വീഡിയോ എന്നിവ സോഷ്യൽ മീഡിയ മുഖാന്തരം വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ശ്രദ്ധയും സംരക്ഷണവും ചികിത്സയും ഉറപ്പ് വരുത്തേണ്ട കുഞ്ഞിൻ്റെ സ്വകാര്യതയും രഹസ്യാത്മകതയും ബാലനീതി നിയമ പ്രകാരം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റി (സിഡബ്ലിയുസി) ചെയർമാൻ അഡ്വ. എൻ രാജീവ് അറിയിച്ചു.
also read: മധു വധക്കേസില്‍ 14 പേര്‍ കുറ്റക്കാര്‍ ; മനപ്പൂർവമല്ലാത്ത നരഹത്യയെന്ന് കോടതി, വിധി നാളെ