POCSO Case verdict: 'കോടതി വിധി മാനിക്കുന്നു, തെളിവുകള്‍ സിസിടിവി ദൃശ്യങ്ങളിലുണ്ട്'; അപ്പീൽ നൽകുമെന്നും മോൻസണ്‍ മാവുങ്കല്‍ - പോക്‌സോ കേസില്‍ മോൻസണ്‍ മാവുങ്കല്‍

🎬 Watch Now: Feature Video

thumbnail

By

Published : Jun 17, 2023, 9:40 PM IST

എറണാകുളം: ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതില്‍ പ്രതികരണവുമായി മോന്‍സണ്‍ മാവുങ്കല്‍. കോടതി വിധി മാനിക്കുന്നു. ഇഡി നിർദേശമുള്ളതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. എല്ലാ കാര്യങ്ങളും ഉടനെ പുറത്തുവരുമെന്നും ശിക്ഷാവിധിക്ക് ശേഷം കോടതിയിൽ നിന്നും പുറത്തിറങ്ങിയ മോൻസണ്‍ പ്രതികരിച്ചു.

തന്‍റെ വീട്ടിലെ 2018 മുതലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. തെളിവുകളെല്ലാം അതിലുണ്ട്. കെ സുധാകരനോ, പൊലീസുകാർക്കോ താനുമായ ബന്ധപ്പെട്ട കേസിൽ പങ്കില്ല. പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മോൻസണ്‍ വ്യക്തമാക്കി. ഇയാളെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോയി. 2019 ജൂലൈ മുതലായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീയുടെ മകളെയാണ് മോന്‍സൺ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധപൂർവം ഗർഭഛിദ്രം നടത്തിക്കുകയും ചെയ്‌തത്. 

പീഡനം നിരവധി തവണ ഭീക്ഷണിപ്പെടുത്തി: പഠനത്തിനായി സാമ്പത്തിക സഹായം നൽകാമെന്നും കൂടെ കോസ്മെറ്റോളജിയും കൂടി പഠിപ്പിക്കാമെന്നും വാഗ്‌ദാനം നൽകിയാണ് കലൂർ വൈലോപ്പിള്ളി ലൈനിലുള്ള വീടും മ്യൂസിയവുമായി ഉപയോഗിക്കുന്ന കെട്ടിടത്തിലേക്ക് പ്രതി കുട്ടിയെ എത്തിച്ചത്. ഇവിടെ വച്ചായിരുന്നു നിരന്തരം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തത്. നിസ്സഹായായ പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി നിശബ്‌ദയാക്കുകയായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാൽ അമ്മയേയും സഹോദരനേയും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും കുടുംബത്തിന് താമസിക്കുന്നതിന് നൽകിയ വാടകവീട്ടിൽ നിന്നും ഇറക്കിവിടുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതേ തുടർന്ന് നിരന്തരമായി ബലാത്സംഗം തുടരുകയായിരുന്നു.

2021 സെപ്റ്റംബർ 24ാം തിയതി പുരാവസ്‌തു കേസിൽ അറസ്റ്റിലാകുന്നതിന് രണ്ടുദിവസം മുൻപുവരെ പീഡിപ്പിച്ചിരുന്നുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. മോൻസണ്‍ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിക്ക് പരാതി നൽകാൻ ധൈര്യം ലഭിച്ചത്. തുടർന്ന് കുട്ടിയുടെ പരാതിയിലാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത്. രണ്ട് മാസത്തിനുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 13 വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വഞ്ചനാകുറ്റം, ബലാല്‍സംഗം, പോക്സോ കേസുകൾ അടക്കം 16 കേസുകൾ നിലവിൽ ഉണ്ട്. ഏറെ കോളിളക്കം സൃഷ്‌ടിച്ച ഈ കേസിൽ മാത്രമാണ് മോൻസണിന് കോടതി ജാമ്യം അനുവദിക്കാതിരുന്നത്.

പിഴത്തുക കുട്ടിക്ക് നൽകാന്‍ കോടതി വിധി: വിചാരണ കോടതി മൂന്ന് തവണയും ഹൈക്കോടതി രണ്ട് തവണയും ജാമ്യഹർജി തള്ളിയിരുന്നു. അവസാനം സുപ്രീംകോടതിയും ജാമ്യ ഹർജി തളളുന്ന ഘട്ടത്തിൽ മോൻസണിന്‍റെ അഭിഭാഷകൻ ജാമ്യഹർജി സ്വമേധയാ പിൻവലിക്കുകയാണ് ഉണ്ടായത്. പ്രോസിക്യൂഷന്‍റെ ഭാഗത്തുനിന്ന് 22 സാക്ഷികളെ വിസ്‌തരിക്കുകയും 22 രേഖകളും കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. ജില്ല ലീഗൽ സർവീസ് അതോറിറ്റിയോട് പെൺകുട്ടിക്ക് അർഹമായ നഷ്‌ടപരിഹാരം നൽകാനും കോടതി ശുപാർശ ചെയ്‌തു. എറണാകുളം ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി വൈആർ റെസ്റ്റമാണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പിഎ ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി. ഈ കേസിലെ അതിജീവിതയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് മോന്‍സണിന്‍റെ മാനേജരായ ജോഷിക്കെതിരെ മറ്റൊരു പോക്സോ കേസിൽ വിചാരണ നടപടികൾ പെരുമ്പാവൂർ അതിവേഗ കോടതിയിൽ പുരോഗമിക്കുകയാണ്. ഈ കേസിൽ രണ്ടാം പ്രതിയാണ് മോൻസൺ. സ്വന്തം ജോലിക്കാരിയെ പീഡിപ്പിച്ച മറ്റൊരു ബലാല്‍സംഗ കേസും മോൻസണിനെതിരെ വിചാരണ തുടങ്ങാനിരിക്കുന്നുണ്ട്.

സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും പോക്സോ കേസിൽ മോൻസണ്‍ മാവുങ്കലിന് ഒരു വർഷമായി ജാമ്യം കിട്ടിയിരുന്നില്ല. മോൻസണ്‍ മാവുങ്കലിനായി വിദേശത്ത് നിന്നെത്തിയ കോടികൾ വിട്ടുകിട്ടാൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ 10 ലക്ഷം വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് കെ സുധാകരനെയും പ്രതി ചേർത്തിരുന്നു. ഇതേത്തുടർന്ന് ജയിലില്‍ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. അടുത്ത ദിവസം ജയിലിലെത്തി പുരാവസ്‌തു തട്ടിപ്പ് കേസിൽ മോന്‍സണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.