Palakkad | വിഭാഗീയത രൂക്ഷം; സിപിഐ ജില്ല കൗൺസിലിൽ നിന്ന് രാജിവച്ച് മുഹമ്മദ് മുഹ്സിന്‍ എംഎൽഎ - Muhsin resigned from CPI party district council
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/01-08-2023/640-480-19156352-thumbnail-16x9-cpi22.jpg)
പാലക്കാട്: സിപിഐ ജില്ല കൗൺസിലിൽ നിന്ന് രാജിവച്ച് മുഹമ്മദ് മുഹ്സിന്‍ എംഎൽഎ. സിപിഐ ജില്ല ഘടകത്തിലെ വിഭാഗീയതയെ തുടർന്നാണ് എംഎൽഎ രാജിവച്ചത്. പാർട്ടിയിലെ പ്രമുഖ നേതാവായിരുന്ന കൊങ്ങശേരി കൃഷ്‌ണന്‍റെ കുടുംബാംഗമായ സീമ കൊങ്ങശേരിയും ജില്ല കൗൺസിലിൽ നിന്ന് രാജിവച്ചിരുന്നു. ഇവർ മുൻ ജില്ല പഞ്ചായത്ത് അംഗം കൂടിയായിരുന്നു. സീമയോടൊപ്പം മറ്റ് ആറ് അംഗങ്ങളും കൂട്ടത്തോടെ രാജിവച്ചിരുന്നു. മുഹമ്മദ് മുഹ്സിനെ നേരത്തെ ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ജില്ല കൗൺസിലിലേക്ക് തരം താഴ്ത്തിയിരുന്നു. പട്ടാമ്പിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന ജില്ല സമ്മേളനത്തിൽ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്ത കെപി സുരേഷ് രാജിനെ അനുകുലിക്കുന്നവർ വിഭാഗീയ പ്രവർത്തനങ്ങൾ നടന്നതായി ആരോപിച്ചിരുന്നു. കെഇ ഇസ്‌മായിലിനെ അനുകൂലിക്കുന്നവരാണ് വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്നാണ് ആരോപണം. ഈ ആരോപണം തിരിച്ചും കെഇ ഇസ്‌മായിൽ പക്ഷം ഉന്നയിക്കുകയുണ്ടായി. സമ്മേളനത്തിലുണ്ടായ വിഭാഗീയ പ്രവർത്തനങ്ങൾ അന്വേഷിച്ച സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിനെ ജില്ല സെക്രട്ടേറിയറ്റിൽ നിന്നും തരം താഴ്ത്തിയത്. ഒരു മാസത്തോളമായി സിപിഐയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് അംഗങ്ങൾ രാജിവച്ച് വരികയായിരുന്നു. ഇതിനിടെയിലാണ് എംഎൽഎയുടെ രാജി. കൂട്ടരാജികളിൽ ജില്ല നേതൃത്വം പ്രതികരിച്ചിട്ടില്ലെങ്കിലും എംഎൽഎക്കെതിരെ കൂടുതൽ നടപടികളിലേക്ക് പാർട്ടി ജില്ല നേതൃത്വം കടക്കുന്നതായാണ് സൂചന. പട്ടാമ്പിയിൽ നിന്ന് ഇപി ഗോപാലന്‍റെ മകൾ കെസി അരുണ പട്ടാമ്പി മണ്ഡലം സെക്രട്ടേറിയറ്റിൽ നിന്നും, മണ്ണാർക്കാട് നിന്ന് സീമ കൊങ്ങശേരിക്കൊപ്പം പാലോട് മണികണ്‌ഠൻ, സികെ അബ്‌ദു റഹ്മാൻ, നെന്മാറയിൽ നിന്ന് എംആർ നാരായണൻ, എംഎസ് രാമചന്ദ്രൻ, കുഴൽമന്ദത്ത് നിന്ന് ആർ രാധാകൃഷ്‌ണന്‍ എന്നിവർ ജില്ല കൗൺസിലിൽ നിന്നും നേരത്തേ രാജിവച്ചിരുന്നു.