മിഷന്‍ അരിക്കൊമ്പൻ 2.0 : ദൗത്യത്തിൽ അനിശ്ചിതത്വം, കൊമ്പൻ കാട് കയറി
🎬 Watch Now: Feature Video
ഇടുക്കി : തമിഴ്‌നാട് കമ്പത്ത് പരിഭ്രാന്തി പരത്തിയ അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാനുള്ള തീരുമാനം അനിശ്ചിതത്വത്തിൽ. അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് കൊമ്പൻ തമിഴ്‌നാട് മേഘമല വനാതിർത്തിയിലേക്ക് നടന്ന് നീങ്ങുന്നത്. ചുരുളിപ്പെട്ടിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയാണിപ്പോൾ അരിക്കൊമ്പന്‍.
അതേസമയം ആന കൃഷി നശിപ്പിക്കുന്നുവെന്നും അതിനാല്‍ എത്രയും പെട്ടെന്നുതന്നെ മയക്കുവെടി വയ്ക്കണമെന്നും ആവശ്യപ്പെട്ട് ചുരുളിപ്പെട്ടിയില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. രാവിലെ അരിക്കൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്താണ് നിലയുറപ്പിച്ചിരുന്നത്.
കമ്പത്തുനിന്നും എട്ടുകിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ഇവിടെ നിന്നും അരിക്കൊമ്പനെ സമതലപ്രദേശത്ത് എത്തിച്ച് മയക്കുവെടി വയ്ക്കാനായിരുന്നു വനംവകുപ്പിന്‍റെ നീക്കം. മേഘമല സി സി എഫിന്‍റെ നേതൃത്വത്തില്‍ ദൗത്യം പൂര്‍ത്തീകരിക്കാനാണ് തമിഴ്‌നാട് വനംവകുപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
മൂന്ന് കുങ്കിയാനകളും പാപ്പാൻമാരും മയക്കുവെടി വിദഗ്‌ധരും ഡോക്‌ടര്‍മാരും ടീമിലുണ്ട്. ഇന്നലെ രാവിലെയാണ് ഗൂഢല്ലൂര്‍ കടന്ന് അരിക്കൊമ്പൻ കമ്പത്ത് എത്തിയത്. ജനവാസ മേഖലയില്‍ എത്തിയ കൊമ്പൻ ഓട്ടോറിക്ഷയടക്കം അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു.
ആനയെ കണ്ട് പേടിച്ചോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. അരിക്കൊമ്പനെ തുരത്താനുള്ള ശ്രമത്തിനിടെയും ചിലര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.