പ്ലസ് വണ്‍ പ്രവേശനം: യോഗ്യത നേടിയ ഒരു വിദ്യാര്‍ഥിക്കും സീറ്റ് ലഭിക്കാതിരിക്കില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍
🎬 Watch Now: Feature Video
കാസർകോട്: സംസ്ഥാനത്ത് പ്ലസ് വണിലേക്ക് യോഗ്യത നേടിയ ഒരു വിദ്യാര്‍ഥിക്ക് പോലും സീറ്റ് ലഭിക്കാതെ വിഷമിക്കേണ്ടി വരില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍. കാസര്‍കോട് വികസന പാക്കേജില്‍ നിന്നും തുക ചെലവഴിച്ച് നിര്‍മിച്ച ജിവിഎച്ച്‌എസ്‌എസ് കുഞ്ചത്തൂരിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് സമയത്ത് രാജ്യത്ത് ഓണ്‍ലൈനിലൂടെ ക്ലാസുകള്‍ നടത്തിയ ഒരേയൊരു സംസ്ഥാനമാണ് കേരളം. വിനോദത്തിലൂടെ വൈജ്ഞാനിക ലോകത്തേക്ക് ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ കൈപിടിച്ചുയര്‍ത്തുകയാണ് ഈ ഗവണ്‍മെന്‍റ്. മരം കടംപുഴകി വീണ് അപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹയുടെ കുടുംബത്തിന് ധനസഹായം ഗവണ്‍മെന്‍റ് ഉറപ്പാക്കും. മംഗലാപുരത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ഥികളുടെ ബസ് പാസിന്‍റെ വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്‌എസ്‌എല്‍സിയിലും വിഎച്ച്‌എസ്‌ഇയിലും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നൂറു ശതമാനം നേടിയ ജിവിഎച്ച്‌എസ്‌എസ് സ്‌കൂള്‍ വിദ്യാര്‍ഥികളെയും അധികൃതരെയും മന്ത്രി അഭിനന്ദിച്ചു.