ക്വാറി, ക്രഷര്‍ ഉടമകളുടെ സമരം; 'അടിസ്ഥാന രഹിതമായ വിഷയങ്ങള്‍ ഉന്നയിച്ച്, ലോഡുകള്‍ തടഞ്ഞാല്‍ കടുത്ത നടപടിയുണ്ടാകും': പി രാജീവ് - kerala news updates
🎬 Watch Now: Feature Video
തിരുവനന്തപുരം: സംസ്ഥാനത്തെ കരിങ്കൽ ക്വാറി, ക്രഷർ ഉടമകൾ നടത്തുന്ന സമരം അടിസ്ഥാന രഹിതമായ വിഷയങ്ങൾ ഉന്നയിച്ചാണെന്ന് മന്ത്രി പി.രാജീവ്. ക്വാറി ഉടമകൾ സർക്കാരിന് നൽകേണ്ട റോയൽറ്റിയിൽ കാലാനുസൃതമായ ചെറിയ വർധനവാണ് വരുത്തിയിരിക്കുന്നത്. ഒരു ലോഡിന് 24 രൂപയായിരുന്നത് 48 രൂപയാക്കി ഉയർത്തി. എന്നാൽ ക്വാറി ഉടമകൾ ഇതനുസരിച്ച് വലിയ വർധന വരുത്തി സർക്കാറിന്‍റെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്.
ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. നിയമ ലംഘനങ്ങൾക്കുള്ള ഫൈൻ വർധിപ്പിച്ചു എന്നതാണ് സമരം നടത്തുന്നതിന് മറ്റൊരു കാരണമായി പറയുന്നത്. നിയമപരമായി പ്രവർത്തിക്കുന്നവർക്ക് പിഴയിലെ വർധനവ് ബാധകമല്ല. ഇത്തരത്തിൽ മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ സർക്കാർ ശക്തമായി ഇടപെടുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
തുടർച്ചയായി ക്വാറികൾ അടച്ചിടുന്നത് നിർമാണ മേഖലയെ സ്‌തംഭിപ്പിക്കും. അത്തരം ഒരു സാഹചര്യം ഉണ്ടായാൽ നിയമപരമായി എന്ത് ചെയ്യാം എന്നതിൽ സർക്കാർ ആലോചന തുടങ്ങിയിട്ടുണ്ട്. സർക്കാരിനെ വെല്ലുവിളിച്ച് ഒരു രീതിയിലും മുന്നോട്ട് പോകാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു. സമരം നടത്തി ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കാനാണ് ഉടമകളുടെ ശ്രമം.
ജനങ്ങളോടുള്ള ഈ വെല്ലുവിളി അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. സമരത്തിന്‍റെ പേരിൽ അമിത വില ക്വാറി ഉത്പന്നങ്ങൾക്ക് ഈടാക്കുന്നത് അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ലോഡുകൾ തടഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.