മുതലപ്പൊഴിയിൽ പതിവാകുന്ന അപകടങ്ങൾ : പരിഹാരം കാണാന്‍ മന്ത്രിതല ചർച്ച - മന്ത്രി സജി ചെറിയാൻ ചർച്ച മുതലപ്പൊഴി

🎬 Watch Now: Feature Video

thumbnail

By

Published : Jul 31, 2023, 1:51 PM IST

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ നിരന്തരം അപകടത്തിൽപ്പെടുന്നതില്‍ മന്ത്രി തല ചര്‍ച്ച. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ 11 മണി കഴിഞ്ഞ് ആരംഭിച്ച ചർച്ചയിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്‍റണി രാജു എന്നിവരും പങ്കെടുക്കുന്നു. രണ്ട് ഘട്ടമായാകും ചർച്ച നടക്കുക. ആദ്യ ഘട്ടത്തിൽ അദാനി പോർട്ട്‌ പ്രതിനിധികളുമായും പോർട്ട്സ് അധികൃതരുമായുമാണ് ചർച്ച. ഇതിന് ശേഷം മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികളുടെ ജില്ല നേതാക്കൾ, സമുദായിക സംഘടന പ്രതിനിധികൾ എന്നിവരുമായും ചർച്ച നടത്തും. ഇന്നും ഇന്നലെയും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഇന്നലെ നടന്ന അപകടത്തിൽ പരിക്കേറ്റ 2 പേരുടെ നില ഗുരുതരമാണ്. മുതലപ്പൊഴിയിൽ കാലങ്ങളായി നടക്കുന്ന അപകടങ്ങള്‍ ഹാർബറിന്‍റെ അശാസ്ത്രീയ നിർമാണം മൂലമാണെന്ന ആക്ഷേപം ഏറെ നാളായി നിലനിൽക്കുകയാണ്. സ്ഥലത്ത് പല ഏജൻസികളും കാലങ്ങളായി നടത്തിയ പഠനങ്ങളിലും ഹാർബറിന്‍റെ ആശാസ്ത്രീയ നിർമാണത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ചെന്നൈ ഐ ഐ ടിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലെ നിർദേശങ്ങൾ നടപ്പിലാക്കണമെന്ന് സ്ഥലത്തെ മത്സ്യത്തൊഴിലാളി പ്രതിനിധികൾ ഏറെ നാളായി ആവശ്യപ്പെട്ടുവരികയാണ്. ജൂലൈ 10 ന് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് 4 മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിന് പിന്നാലെ സർക്കാരിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് ശേഷമാണ് മുതലപ്പൊഴി വിഷയത്തിൽ മന്ത്രിതല ഇടപെടൽ ആരംഭിച്ചത്. മഴക്കാലം കൂടി ആരംഭിച്ചതോടെ മുതലപ്പൊഴിയിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. ഫിഷറീസ് ഡയറക്‌ടർ അദീല അബ്‌ദുള്ള സെപ്റ്റംബർ 5 വരെ മുതലപ്പൊഴി അടച്ചിടാൻ സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. എന്നാൽ മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി. തീരത്ത് മണൽ നീക്കം ചെയ്‌ത് സുരക്ഷ ഉറപ്പാക്കുന്നതിന് പകരം പൊഴി അടച്ചിട്ടാൽ മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴി മുട്ടുന്ന സാഹചര്യമുണ്ടാകുമെന്ന് പ്രദേശവാസികൾ പറയുന്നു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.