കെഎസ്ആർടിസി മൂന്നായി വിഭജിക്കും: ഗതാഗത മന്ത്രി ആന്‍റണി രാജു

🎬 Watch Now: Feature Video

thumbnail

തിരുവനന്തപുരം : കെഎസ്ആർടിസിയെ മൂന്ന് സ്വതന്ത്ര മേഖലകളായി വിഭജിക്കുന്നത് നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലൊക്കെ വിവിധ കോർപ്പറേഷനുകൾ മേഖലകളാക്കി തിരിച്ച് പ്രവർത്തനം നടത്തുന്നതിന്‍റെ പ്രയോജനം ഉണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും ആന്‍റണി രാജു വ്യക്തമാക്കി.

എന്നാൽ കെഎസ്ആർടിസിയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിലല്ല, പ്രൊ. സുശീൽ ഖന്ന റിപ്പോർട്ടിൽ കെഎസ്ആർടിസിയെ മൂന്ന് മേഖലകളായി വിഭജിച്ച് പ്രവർത്തനങ്ങൾ നടത്തുന്നതായിരിക്കും കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ നല്ലതെന്ന് നിർദേശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഇത് സംബന്ധിച്ച് നിർദേശം നൽകിയിരുന്നു.

മൂന്ന് മേഖലകളാക്കി തിരിച്ച് പ്രവർത്തനം വികേന്ദ്രീകരിച്ച് കെഎസ്ആർടിസിയെ ശക്തിപ്പെടുത്തണമെന്നാണ് പൊതുവെ ഉയർന്നുവന്ന ആശയം. അതിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കെഎസ്ആർടിസിയെ സൗത്ത്, സെൻട്രൽ, നോർത്ത് എന്നീ മേഖലകളായി വിഭജിക്കാനാണ് തീരുമാനം. ജൂൺ മുതൽ ഇത് നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇതിലൂടെ എല്ലാ ഡിപ്പോകളും സ്വയം പര്യാപ്‌തമാകുക, ജീവനക്കാർക്ക് ശമ്പളത്തിന് പുറമെ ഇൻസെന്‍റീവ് ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളാണ് കെഎസ്ആർടിസി ഇതിലൂടെ ലക്ഷ്യമിടുന്നത്. 

മൂന്നല്ല നാലാകും: മേഖല വിഭജനം നടപ്പിലാകുന്നതോടെ കെഎസ്ആർടിസി സ്വിഫ്റ്റ് ഉൾപ്പെടെ നാലായി പിരിയും. മേഖലകളായി വിഭജിക്കുമ്പോൾ കെഎഎസ് ഉദ്യോഗസ്ഥരെയാണ് മേധാവികളാക്കുന്നത്. ഇത് നടപ്പിലാകുന്നതോടെ ഓരോ മേഖലയിലെയും കാര്യങ്ങൾ അവിടെ തീരുമാനിക്കാമെന്ന സ്ഥിതിയുണ്ടാകും. സൗത്ത് മേഖലയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളും സെൻട്രൽ മേഖലയിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളും നോർത്ത് മേഖലയിൽ മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളുമാണ് ഉൾപ്പെടുന്നത്. 

വിഭജനം നടപ്പിലാക്കുമ്പോൾ മേഖലാടിസ്ഥാനത്തിലാകും നിയമനവും സ്ഥലംമാറ്റവും. മാത്രമല്ല, ജീവനക്കാർക്ക് ശമ്പളത്തിനുള്ള തുക, ഇന്ധനം, സ്പെയർപാർട്‌സ് തുക എന്നിവ മേഖലകളിൽ നിന്ന് നൽകണം. വായ്‌പ തിരിച്ചടവിനും മറ്റും നിശ്ചിത തുക അതാത് മേഖലകളിൽ നിന്ന് നൽകണം. മേഖല വിഭജനം നടപ്പിലാക്കാൻ കെഎസ്ആർടിസിക്ക് ഗതാഗത വകുപ്പ് നിർദേശം നൽകിയിരുന്നു. 

എന്നാൽ മേഖല എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരെ നിയമിക്കുക മാത്രമാണ് ചെയ്‌തത്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയതോടെയാണ് മേഖല വിഭജനം ജൂണിൽ നടപ്പാക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കിയത്. അതേസമയം, കെഎസ്ആർടിസിയെ മൂന്നായി വിഭജിക്കുന്നതിനെതിരെ ഭരണപക്ഷ സംഘടനയായ സിഐടിയു ഒഴികെ മറ്റ് സംഘടനകൾ കടുത്ത അതൃപ്‌തിയിലാണ്. 

ഇതിലൂടെ എങ്ങനെ ലാഭം ഉണ്ടാകുമെന്ന് സർക്കാർ വിശദീകരിക്കണമെന്ന് ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് എം വിൻസെന്‍റ് എംഎൽഎ ചോദിച്ചു. തലപ്പത്ത് കൂടുതൽ പേരെ നിയമിക്കുന്നത് വലിയ ശമ്പളം കൊടുക്കുന്നതിന് മാത്രമേ ഉപകരിക്കൂവെന്ന് ബിഎംഎസ് ഡെ. ജനറൽ സെക്രട്ടറി വി പ്രദീപും കുറ്റപ്പെടുത്തി.

Also read: കെഎസ്ആർടിസി പെൻഷൻ മുടങ്ങിയിട്ട് രണ്ട് മാസം; പലിശയെച്ചൊല്ലി തർക്കം തീരാതെ ധനവകുപ്പും സഹകരണ വകുപ്പും

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.