Militants Arrested in Uri | കശ്‌മീരിൽ 8 ഭീകരർ സുരക്ഷാസേനയുടെ പിടിയിൽ, ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു
🎬 Watch Now: Feature Video
ശ്രീനഗർ : ജമ്മു കശ്‌മീരിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്‌ബയുമായി ബന്ധമുള്ള എട്ട് ഭീകരരെ സുരക്ഷാസേന അറസ്‌റ്റ് ചെയ്‌തു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് സംഘങ്ങളായാണ് ഇവരെ പിടികൂടിയിട്ടുള്ളത്. ഓഗസ്‌റ്റ് എട്ടിന് ബാരാമുള്ള ജില്ലയിൽ ചുരുന്ദ ഉറി മേഖലയിൽ പൊലീസും ആർമിയും സംയുക്തമായി നടത്തിയ പട്രോളിങ്ങില്‍ പ്രദേശത്ത് സംശയാസ്‌പദമായ രീതിയിൽ കറങ്ങി നടക്കുന്ന ഒരാളെ കണ്ടതായി പൊലീസ് പ്രസ്‌താവനയിൽ പറയുന്നു. സുരക്ഷാസേനയെ കണ്ട ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ ഉദ്യോഗസ്ഥർ പിടികൂടി. തുടർന്ന് കസ്‌റ്റഡിയിൽ എടുത്ത് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് രണ്ട് ഗ്രനേഡുകൾ കണ്ടെത്തുകയായിരുന്നു. ചുരുന്ദ ഉറി സ്വദേശിയായ ഷൗക്കത്ത് അലി അവാൻ ആണ് അറസ്‌റ്റിലായത്. കൂടുതൽ ചോദ്യം ചെയ്യലിൽ കൂട്ടാളികളായ അഹമ്മദ് ദിൻ, മുഹമ്മദ് സാദിഖ് ഖത്താന എന്നിവരുടെ പേരുകൾ ഇയാൾ വെളിപ്പെടുത്തി. ഇവരിൽ നിന്ന് രണ്ട് ഗ്രനേഡുകൾ, ഒരു ചൈനീസ് പിസ്‌റ്റൾ, ഒരു പിസ്‌റ്റൾ മാഗസിൻ, നാല് ലൈവ് റൗണ്ടുകൾ എന്നിവ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഓഗസ്‌റ്റ് 11ന് സുരക്ഷാസംഘം പൊവാരിയിൽ നടത്തിയ പരിശോധനയിലാണ് തജാലിൽ നിന്ന് ഉറിയിലേക്ക് വരികയായിരുന്ന മാരുതി സ്വിഫ്‌റ്റ് വാഹനത്തിൽ നിന്ന് നാല് ഹാൻഡ് ഗ്രനേഡുകൾ, രണ്ട് പിസ്റ്റളുകൾ, രണ്ട് പിസ്റ്റൾ മാഗസിനുകൾ, 10 ലൈവ് റൗണ്ടുകൾ, 50,000 രൂപ എന്നിവ കണ്ടെടുത്തത്. അടിയന്തരമായി ആശുപത്രിയില്‍ പോകാൻ അനുവദിക്കണമെന്ന് കാറിലുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും വാഹനത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ നിർബന്ധപൂർവം പരിശോധന നടത്തുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർ ഉൾപ്പടെ അഞ്ച് പേരെ കസ്‌റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. അക്തർ ഭട്ട്, മുഹമ്മദ് അസ്‌ലം ഖത്താന, മുനീർ അഹമ്മദ്, മുദാസിർ യൂസഫ് ഗോക്‌നോ, ബിലാൽ അഹമ്മദ് ദാർ എന്നിവരാണ് പൊലീസ് പിടിയിലായത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരവാദികളുടെ നിർദേശപ്രകാരം ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതിൽ ഇവർ പങ്കാളികളാണെന്നും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പ്രസ്‌താവനയിൽ വ്യക്തമാക്കി.