Milad Celebrations In Ernakulam: മീലാദ് ആഘോഷത്തില്‍ സംസ്ഥാനം; പ്രവാചക പ്രകീര്‍ത്തന നിറവില്‍ വിശ്വാസികള്‍ - Milad Celebrations

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 28, 2023, 12:22 PM IST

എറണാകുളം : മുഹമ്മദ് നബിയുടെ 1498-ാം ജന്മദിനാഘോഷ നിറവില്‍ ഇസ്‌ലാം മതവിശ്വാസികള്‍ (Milad Celebrations). സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളാണ് നബിദിനത്തോടനുബന്ധിച്ച് നടക്കുന്നത്. പ്രവാചക പ്രകീർത്തനമായ മൗലീദ് സദസുകൾ, നബി സന്ദേശ പ്രഭാഷണങ്ങൾ, മദ്രസ വിദ്യാർഥികളുടെ കലാപരിപാടികൾ, മീലാദ് ഘോഷ യാത്ര, അന്നദാനം എന്നിവയാണ് പ്രധാന പരിപാടികള്‍. കൊച്ചിയിലും വിവിധ മഹല്ല് ജമാഅത്തുകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ മീലാദാഘോഷം നടക്കുകയാണ്. ജനങ്ങൾക്കിടയിൽ സമാധാനവും സൗഹാർദവും വിളംബരം ചെയ്യുകയാണ് നബിദിന ആഘോഷമെന്ന് എറണാകുളം തോട്ടത്തുംപടി ജുമാ മസ്‌ജിദ് ഇമാം ത്വാഹാ അശ്അരി പറഞ്ഞു. വഴിതെറ്റി സഞ്ചരിക്കുന്ന മാനവിക സമൂഹത്തെ നേർവഴിയിലേക്ക് നയിക്കുന്നതാണ് പ്രവാചക സന്ദേശങ്ങൾ. വർഗീയതക്കെതിരായ നിലപാടാണ് പ്രവാചകൻ സ്വീകരിച്ചത്. മതമൈത്രിയുടെ സന്ദേശമാണ് മുഹമ്മദ് നബി പഠിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. മദ്രസ വിദ്യാർഥികൾ അണിനിരക്കുന്ന ഘോഷയാത്രകൾ നബിദിനാഘോഷത്തിന്‍റെ പ്രധാന ആകര്‍ഷണമാണ്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ മദ്രസകൾ കേന്ദ്രീകരിച്ചാണ് മീലാദ് സന്ദേശ ഘോഷയാത്രകൾ സംഘടിപ്പിച്ചത്. ഹിജ്റ വര്‍ഷം മൂന്നാം മാസമായ റബീഉൽ അവ്വൽ 12ന് പ്രഭാതത്തിലായിരുന്നു മുഹമ്മദ് നബിയുടെ ജനനം.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.