കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവം; വാഹനം കത്തിയതിൽ അസ്വഭാവികതയെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ
🎬 Watch Now: Feature Video
ആലപ്പുഴ: മാവേലിക്കര കണ്ടിയൂരില്‍ കാർ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണ ഉദ്യോഗസ്ഥൻ. കാർ കത്തിയ സ്ഥലത്തെത്തി, പ്രാഥമിക പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉദ്യോഗസ്ഥൻ.
അതേസമയം കാർ കത്താനുണ്ടായ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്‌തതയില്ല. ഇതുമായി ബന്ധപ്പെട്ട് ശാസ്‌ത്രീയമായ അന്വേഷണം നടന്നുവരികയാണ്. സാധാരണ കാറുകൾക്ക് തീ പിടിക്കുമ്പോൾ എഞ്ചിൻ ഭാഗത്താണ് ആദ്യം തീ പടരുക. എന്നാൽ ഇവിടെ കാറിന്‍റെ മുൻ ഭാഗം കത്തിയിട്ടില്ല, ബാക്കി ഭാഗങ്ങളാണ് കത്തി നശിച്ചത്.
മാവേലിക്കര പുളിമൂട് ജ്യോതി വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന കൃഷ്‌ണ പ്രകാശ് (കണ്ണൻ -35) ആണ് മരണപ്പെട്ടത്. ഇന്ന് (ഓഗസ്റ്റ് 07) പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. ഞായറാഴ്‌ച പുറത്തുപോയ കൃഷ്‌ണ പ്രകാശ് തിങ്കളാഴ്‌ചയാണ് തിരികെ വീട്ടിലേക്ക് എത്തുന്നത്. തുടർന്ന് വീട്ടിലെ പോർച്ചിലേക്ക് കാര്‍ കയറ്റുന്നതിനിടെ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
കാറിനുള്ളിൽ കുടുങ്ങിയ കൃഷ്‌ണ പ്രകാശ് വെന്തു മരിച്ചു. മാവേലിക്കര കണ്ടിയൂർ ഗേള്‍സ് സ്‌കൂളിന് സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തി വരികയായിരുന്ന കൃഷ്‌ണ പ്രകാശ് സഹോദരൻ ശിവപ്രകാശിനൊപ്പമായിരുന്നു താമസം.
READ MORE: കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു ; അപകടം വാഹനം പോർച്ചിലേക്ക് കയറ്റുന്നതിനിടെ