അട്ടപ്പാടിയിൽ തേങ്ങ പൊതിക്കുന്ന മെഷിനിൽ യുവാവിന്‍റെ കൈ കുടുങ്ങി; രക്ഷപ്പെടുത്തിയത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍

🎬 Watch Now: Feature Video

thumbnail

പാലക്കാട്: അട്ടപ്പാടിയിൽ തേങ്ങ പൊതിക്കുന്ന മെഷിനിൽ കൈ കുടുങ്ങിയ യുവാവിനെ രണ്ട് മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. അഗളി ഭൂതുവഴിയിലാണ് സംഭവം. മലപ്പുറം മഞ്ചേരി സ്വദേശിയായ അബ്‌ദുൾ റൗഫിന്‍റെ കൈ ആണ് തേങ്ങ പൊതിക്കുന്ന മെഷിനിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ 11.30 ഓടെ തേങ്ങ പൊതിക്കുന്നതിനിടെ ആയിരുന്നു അപകടം. പണിക്കിടെ റൗഫിന്‍റെ വലതു കൈ മെഷിനില്‍ കുടുങ്ങി പോകുകയായിരുന്നു. 

അടുത്തുണ്ടായിരുന്ന സുഹൃത്ത് പെട്ടന്ന് മെഷിൻ ഓഫ് ചെയ്‌തു. അപ്പോഴേക്ക് റൗഫിന്‍റെ കൈ മുട്ടോളം മെഷിനിൽ കുടുങ്ങിയിരുന്നു. നിലവിളി കേട്ട് പരിസരവാസികളെത്തി കൈ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടിയിൽ അഗളി പൊലീസ് സ്ഥലത്തെത്തി. 

അഗളി വർക്ക് ഷോപ്പിലെ ജീവനക്കാരെത്തി മെഷിനിന്‍റെ നട്ടുകൾ ഊരി യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. തുടര്‍ന്ന് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സുപ്രണ്ട് പത്മനാഭനും ജീവനക്കാരും സ്ഥലത്തെത്തി. യുവാവിന് വേദന അറിയാതിരിക്കനായി ഇഞ്ചക്ഷനും, ഗ്ലൂക്കോസും നൽകി. 

സമീപ പ്രദേശത്ത് വെൽഡിങ് ജോലി ചെയ്യുകയായിരുന്നയാളെ സ്ഥലതെത്തിച്ച് മെഷിനിന്‍റെ ഭാഗങ്ങൾ മുറിച്ച് നീക്കിയാണ് കൈ പുറത്തെടുത്തത്. ആദ്യം യുവാവിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കൈയിലെ എല്ലുകൾക്ക് പൊട്ടലുണ്ട്. കൈയിലെ പ്രധാന രക്തക്കുഴൽ പൊട്ടാതിരുന്നതിനാലാണ് യുവാവിന്‍റെ ജീവൻ രക്ഷിക്കാനായത്. കുടൂതൽ വിദഗ്‌ധ ചികിത്സ ആവശ്യമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

പരിശ്രമം രണ്ട് മണിക്കൂർ: രാവിലെ 11.30 യോടെയാണ് റൗഫിന്‍റെ കൈ മെഷിനിൽ കുടുങ്ങുന്നത്. അഗളി പോലിസെത്തി മണ്ണാർക്കാടുള്ള ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചിരിന്നു. മെഷിനിലെ നട്ടുകൾ ഒരോന്നായി അഴിച്ചെങ്കിലും കൈ മെഷിനിൽ കൂടുതൽ മുറുകുന്നതായി പറഞ്ഞ് യുവാവ് നിലവിളിച്ചു. അതിന് ശേഷമാണ് കട്ടർ എത്തിച്ച് മെഷിൻ കട്ട് ചെയ്യാൻ ആരംഭിച്ചത്. 

ഇതിനിടയിൽ വൈദ്യുതി വിഛേദിക്കപ്പെട്ടു. 10 മിനിറ്റ് കഴിഞ്ഞാണ് വൈദ്യുതിയെത്തിയത്. പിന്നീട് അര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിന്‍റെ കൈ പുറത്തെടുത്തു. യുവാവിനെ രക്ഷിച്ച് ആംബുലൻസിൽ കയറ്റുമ്പോഴാണ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയത്. 40 കിലോമീറ്റർ അകലെ മണ്ണാർക്കാട് നിന്ന് 12 വളവുകളുള്ള അട്ടപ്പാടി ചുരം കടന്നാണ് ഫയർ ഫോഴ്‌സ് സംഘമെത്തിയത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.