കൈക്കൂലിയുമായി വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ, താമസ സ്ഥലത്ത് നിന്ന് കണ്ടെടുത്തത് ലക്ഷങ്ങൾ; ഞെട്ടി വിജിലൻസ് - Mannarakkad village assistant arrested

🎬 Watch Now: Feature Video

thumbnail

By

Published : May 24, 2023, 10:15 AM IST

Updated : May 24, 2023, 1:14 PM IST

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മണ്ണാർക്കാട് വില്ലേജ് അസിസ്റ്റന്‍റിന്‍റെ വീട്ടിൽ നിന്ന് വിജിലൻസ് സംഘം പിടിച്ചെടുത്തത് 35 ലക്ഷം രൂപ. മണ്ണാർക്കാട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് വി സുരേഷ് കുമാറിന്‍റെ ഒറ്റമുറി വാടക വീട്ടിൽ നിന്നാണ് കറന്‍സി നോട്ടും നാണയങ്ങളുമായി 35 ലക്ഷം രൂപയും എഴുപത് ലക്ഷത്തോളം രൂപയുടെ ബാങ്ക് നിക്ഷേപത്തിന്‍റെ രേഖകളും കണ്ടെടുത്തത്.

വസ്‌തുവിന്‍റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റായ വി സുരേഷ് കുമാർ വിജിലന്‍സിന്‍റെ പിടിയിലാകുന്നത്. ചൊവ്വാഴ്‌ച രാവിലെ 11.15ന് എംഇഎസ് കോളജ് പരിസരത്ത് വച്ചായിരുന്നു സംഭവം. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ സംഘത്തെ ഞെട്ടിച്ച പണ ശേഖരം കണ്ടെടുക്കുന്നത്. ആല്‍ത്തറ ജംങ്ഷ‌നില്‍ ജി ആര്‍ കോംപ്ലക്‌സിലാണ് വര്‍ഷങ്ങളായി സുരേഷ് താമസിക്കുന്നത്. ഈ മുറിയുടെ പല ഭാഗങ്ങളിലായാണ് പണം സൂക്ഷിച്ചിരുന്നത്. 

ഒരു മാസമായി നിരീക്ഷണത്തില്‍: സുരേഷ് കുമാർ ഒരു മാസമായി വിജലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു. സർട്ടിഫിക്കറ്റുകൾ മനപ്പൂർവം വൈകിച്ചാണ് ഇയാൾ അപേക്ഷകരിൽ നിന്നും കൈക്കൂലി വാങ്ങിയിരുന്നത്. ഇയാൾ സ്ഥിരം കൈക്കുലി വാങ്ങുന്ന വ്യക്തിയാണെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. സുരേഷ്‌ കുമാറിനെ ഇന്ന് തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. 

പരാതിക്കാരൻ പാലക്കയം വില്ലേജ് പരിധിയില്‍പ്പെട്ട 45 ഏക്കര്‍ സ്ഥലത്തിന്‍റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിരുന്നു. സര്‍ട്ടിഫിക്കറ്റിനായി ഓഫിസിലെത്തിയപ്പോള്‍ ഫയല്‍ സുരേഷ്‌ കുമാറിന്‍റെ പക്കലാണെന്നറിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് 2,500 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പണവുമായി അദാലത്ത് നടക്കുന്ന എംഇഎസ് കോളജില്‍ എത്താനായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. തുടർന്ന് ഇക്കാര്യം പരാതിക്കാരന്‍ പാലക്കാട് വിജിലന്‍സ് യൂണിറ്റിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഡിവൈഎസ്‌പി എസ് ഷംസുദ്ദീന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കാറില്‍ വച്ച് കൈക്കൂലി വാങ്ങവേ സുരേഷ്‌ കുമാറിനെ കയ്യോടെ പിടികൂടിയത്.

പരാതിക്കാരന്‍റെ പക്കല്‍ നിന്നും ആറ് മാസം മുമ്പ് 10,000 രൂപയും പൊസഷന്‍ സര്‍ട്ടിഫിക്കറ്റിനായി അഞ്ച് മാസം മുമ്പ് 9000 രൂപയും സുരേഷ് കുമാര്‍ കൈക്കൂലിയായി വാങ്ങിയിരുന്നതയും വിജിലന്‍സ് പറഞ്ഞു. അതേസമയം കൈക്കൂലി വാങ്ങിയത് വീട് വയ്ക്കാനായിരുന്നു എന്നാണ് പിടിയിലായ വി സുരേഷ് കുമാറിന്‍റെ മൊഴി.

റിമാൻഡില്‍: സുനില്‍കുമാറിനെ 14 ദിവസത്തേക്ക് തൃശൂർ വിജിലൻസ് കോടതി റിമാൻഡ് ചെയ്‌തു. കേസില്‍ അഭിഭാഷകനെ വേണമെന്ന് സുനില്‍കുമാർ കോടതിയോട് ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം ഏഴിന് പരിഗണിക്കാമെന്ന് കോടതി. 

ശ്രദ്ധിക്കൂ..: പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്‍റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ്‌ആപ്പ് നമ്പരായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ മനോജ് എബ്രഹാം അറിയിച്ചു.

Last Updated : May 24, 2023, 1:14 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.