Manaveeyam Veedhi After Renovation : കല്ലുപാകിയ നടപ്പാത, വേദികള്‍, വായനശാലയും റിലാക്‌സ് പോയിന്‍റും ; അടിമുടി മാറി മാനവീയം വീഥി - ആന്‍റണി രാജു
🎬 Watch Now: Feature Video
Published : Aug 30, 2023, 3:47 PM IST
തിരുവനന്തപുരം : അലങ്കാര ദീപങ്ങളുടെ വർണപ്രഭ, കലാസാംസ്‌കാരിക പരിപാടികൾ നടത്തുന്നതിന് പ്രത്യേക വേദികൾ, കല്ലുകൾ പാകിയ നടപ്പാത, വായനശാല, സൗഹൃദ കൂട്ടായ്‌മകളുടെ ഒത്തുചേരലിന് പ്രത്യേക ഇടം, റിലാക്‌സ് പോയിന്‍റ്, സിസിടിവി നിരീക്ഷണം. അടിമുടി മാറി തലസ്ഥാന നഗരിയിലെ സൗഹൃദ കൂട്ടായ്‌മകളുടെ ഒത്തുചേരൽ ഇടമായ മാനവീയം വീഥി (Manaveeyam Veedhi After Renovation). വെള്ളയമ്പലം ഭാഗത്ത് നിന്ന് ആൽത്തറ ജങ്ഷൻ വരെ 225 മീറ്റർ ഭാഗമാണ് നവീകരിച്ചത്. സൗന്ദര്യവത്‌കരണത്തിന്‍റെ ഭാഗമായി ചെടികൾ വച്ചുപിടിപ്പിച്ചു. തെരുവോര ഭക്ഷണശാലയും മാനവീയം വീഥി ആരംഭിക്കുന്ന ഭാഗത്തും അവസാനിക്കുന്ന ഭാഗത്തും ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. ചിത്ര പ്രദർശനങ്ങൾക്കായി പ്രത്യേക ഇടം, വൈഫൈ സോൺ എന്നിങ്ങനെ നീളുന്നു നവീകരിച്ച മാനവീയം വീഥിയിലെ പ്രത്യേകതകൾ (Attractions of Manaveeyam Veedhi). 225 മീറ്റർ റോഡിൽ 22 തെരുവ് വിളക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്‌ഡ് പോസ്റ്റുമുണ്ട് (Manaveeyam Veedhi police aid post). സിസിടിവി ക്യാമറകളിൽ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങൾ ഇവിടെ പൊലീസ് നിരീക്ഷിക്കും. ലഹരി സംഘങ്ങളുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇത് ഒഴിവാക്കാൻ പൊലീസ് പട്രോളിങ്ങും ഉണ്ടാകും. 4.85 കോടി ചെലവിലാണ് മാനവീയം വീഥി നവീകരിച്ചത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്‍റണി രാജു, എം ബി രാജേഷ് എന്നിവർ ചേർന്നാണ് നവീകരിച്ച മാനവീയം വീഥി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. 2021 ഫെബ്രുവരിയിലാണ് മാനവീയം വീഥി സ്‌മാർട്ട് റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാനായി പൊളിച്ചത്. നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുതുടങ്ങിയതോടെ ആദ്യ കരാറുകാരനെ 2022 സെപ്റ്റംബറിൽ മാറ്റി. ടെൻഡർ ചെയ്തെങ്കിലും കരാറുകാരെ ലഭിച്ചിരുന്നില്ല. മേയിലാണ് പുതിയ കരാറുകാരൻ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്.