കെഎസ്ആർടിസി ബസില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് സ്വയം കഴുത്തറുത്തു; യുവാവിന്‍റെ നില ഗുരുതരം - കെഎസ്‌ആർടിസി
🎬 Watch Now: Feature Video
മലപ്പുറം: മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേയ്‌ക്ക് പോയ കെഎസ്‌ആർടിസി സ്വിഫ്‌റ്റ് ബസിൽ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് സ്വയം മുറിവേല്‍പ്പിച്ചു. ഇന്നലെ (04.05.23) രാത്രിയാണ് സംഭവം നടന്നത്. ബസ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്ക് സമീപം വെന്നിയൂരെത്തിയപ്പോൾ പിന്നിലെ സീറ്റിലിരുന്ന യുവാവ് മുന്നിലേക്ക് വന്ന് യുവതിയെ കുത്തുകയായിരുന്നു. ഇതിനു ശേഷം പിന്നിലേക്ക് പോയ യുവാവ് സ്വയം കഴുത്തറുത്തു.
ഗൂഡല്ലൂർ സ്വദേശിനി സീതയാണ് ആക്രമിക്കപ്പെട്ടത്. വയനാട് മൂലങ്കാവ് സ്വദേശി സനിലാണ് ആക്രമണം നടത്തിയത്. ഇരുവർക്കും മുൻപരിചയം ഉണ്ടായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. യുവതി അങ്കമാലിയിൽ നിന്നും സനിൽ എടപ്പാളിൽ നിന്നുമാണ് ബസിൽ കയറിയത്.
യാത്രക്കിടെ ഭക്ഷണം കഴിക്കാൻ ബസ് വെന്നിയൂരിൽ നിർത്തിയിരുന്നു. ഭക്ഷണ ശേഷം ബസ് പുറപ്പെട്ടപ്പോഴാണ് സനില്‍ ആക്രമണം നടത്തിയത്. ആക്രമണം നടന്ന ഉടന്‍ യാത്രക്കാരും ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇതേ ബസിലാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
ആദ്യം തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേയ്‌ക്ക് മാറ്റി. സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്‌ത യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. സനിലും സീതയും ഒരുമിച്ചല്ല ടിക്കറ്റ് റിസർവ് ചെയ്‌തത് എന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമാണ് അന്വേഷണത്തിന് ശേഷമേ ആക്രമണത്തിന്‍റെ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.