കെട്ടിട നമ്പർ ലഭിക്കാത്തതിനെത്തുടർന്നുള്ള പ്രവാസിയുടെ വേറിട്ട പ്രതിഷേധ ധര്‍ണ അവസാനിപ്പിച്ചു; തീരുമാനം എംഎൽഎയുടെ ഇടപെടലില്‍ - കോട്ടയം വാര്‍ത്തകള്‍
🎬 Watch Now: Feature Video
Published : Nov 7, 2023, 7:08 PM IST
കോട്ടയം: മാഞ്ഞൂരിൽ കെട്ടിട നമ്പർ ലഭിക്കാത്തതിനെത്തുടർന്ന് പഞ്ചായത്തിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തിയ പ്രവാസി സമരം അവസാനിപ്പിച്ചു. മാഞ്ഞൂർ സ്വദേശി ഷാജിമോനാണ് തന്‍റെ ആറു നില കെട്ടിടത്തിന് നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിന് മുൻപിൽ ചൊവ്വാഴ്‌ച (07.11.2023) രാവിലെ മുതൽ റോഡിൽ കിടന്ന് പ്രതിഷേധിച്ചത്. ഒടുവിൽ മോൻസ് ജോസഫ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ജില്ല പ്രശ്‌നപരിഹാര സമിതി പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ഷാജിമോൻ സമരം അവസാനിപ്പിച്ചത്. ചൊവ്വാഴ്‌ച രാവിലെ മുതൽ മാഞ്ഞൂർ പഞ്ചായത്തിന് മുൻപിലായിരുന്നു ഷാജിമോന്‍റെ പ്രതിഷേധം. ഷാജിമോൻ ജോർജ് തന്‍റെ ആറുനില കെട്ടിടത്തിന് നമ്പർ അനുവദിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ആവശ്യമായ രേഖകൾ നൽകിയിട്ടും കെട്ടിട നമ്പർ നൽകാൻ പഞ്ചായത്ത് തയാറായിരുന്നില്ല. ഇതേ തുടർന്നായിരുന്നു പഞ്ചായത്ത് ഓഫിസിന് മുൻപിൽ കട്ടിലിട്ട് കിടന്ന് ഷാജി മോൻ പ്രതിഷേധം നടത്തിയത്. ഷാജിമോന്‍റെ ആറ് നില കെട്ടിടത്തിന് പെർമിറ്റിനായി പഞ്ചായത്തിനെ സമീപിച്ചപ്പോൾ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഷാജിമോൻ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വിജിലൻസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ അറസ്‌റ്റിന് പിന്നാലെ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഷാജിമോന്‍റെ പെർമിറ്റ് അധികൃതർ നൽകി. എന്നാൽ കെട്ടിടത്തിന്‍റെ പണി പൂർണമായും പൂർത്തിയായിട്ടും ഇതുവരെ കെട്ടിട നമ്പർ നൽകാൻ പഞ്ചായത്ത് അധികൃതർ തയ്യാറായിരുന്നില്ല. താൻ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസിനെ കൊണ്ട് അറസ്‌റ്റ് ചെയ്യിപ്പിച്ചതിലുള്ള പഞ്ചായത്ത് അധികൃതരുടെ പ്രതികാര നടപടിയാണിതെന്ന് ഷാജിമോൻ ആരോപിച്ചിരുന്നു. അതേസമയം പഞ്ചായത്ത് ഓഫിസിനു മുൻപിൽ നിന്ന് പൊലീസ് ഷാജിമോനെ നീക്കിയതിനെ തുടർന്ന് ഇയാള്‍ റോഡിൽ കിടന്ന് പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെ ഷാജിമോന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. എന്നാല്‍ സംഭവത്തിൽ മോൻസ് ജോസഫ് എംഎൽഎ ഇടപെട്ടതോടെ ജില്ല പ്രശ്‌നപരിഹാര സമിതി പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്ന് ഷാജിമോൻ സമരം അവസാനിപ്പിക്കുകയായിരുന്നു.
Also Read: സംസ്ഥാന ബജറ്റിനെതിരെ കിറ്റ് തിരികെ കൊടുത്ത് വേറിട്ട പ്രതിഷേധവുമായി കേരള കോൺഗ്രസ്