വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ച ശേഷം കാമുകന്‍ പിന്മാറി; യുവതിയുടെ ആത്മഹത്യയില്‍ കാമുകന്‍ അറസ്‌റ്റില്‍ - കാട്ടാമ്പളളി
🎬 Watch Now: Feature Video
കൊല്ലം: വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച ശേഷം വിവാഹത്തിൽ നിന്നും കാമുകൻ പിന്മാറിയതിനെ തുടർന്ന് പട്ടിക ജാതിക്കാരിയായ പെൺകുട്ടി ആത്മഹത്യചെയ്‌ത സംഭവത്തിൽ കാമുകന്‍ അറസ്‌റ്റില്‍. കാട്ടാമ്പളളി സ്വദേശിയായ അഖിലിനെയാണ് ബെംഗളൂരുവിൽ നിന്ന് കടയ്ക്കൽ സിഐ രാജേഷ് അറസ്‌റ്റ് ചെയ്‌തത്. അതേസമയം ഇക്കഴിഞ്ഞ 25-ാം തീയതി രാവിലെയാണ് പെൺകുട്ടിയെ കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കാണപ്പെട്ടത്.
കാട്ടാമ്പളളി സ്വദേശിയായ അഖിലുമായി പെൺകുട്ടി രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. കീഴ്‌ജാതികാരിയെന്നു പറഞ്ഞ് അഖിലിന്‍റെ ബന്ധുകൾ ഇവരുടെ ബന്ധത്തെ എതിർത്തിരുന്നു. എന്നാല്‍ കഴിഞ്ഞമാസം 15ന് രാത്രി പെൺകുട്ടി അഖിലിനോടൊപ്പം ഇറങ്ങിപോയിരുന്നു. പെൺകുട്ടിയെ കാണാതായതോടെ ബന്ധുകൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. തുടർന്ന് ആളൊഴിഞ്ഞ ഷെഡിൽ നിന്നു അഖിലിനോടെപ്പം പെൺകുട്ടിയെ കണ്ടെത്തി. ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് വീടുവിട്ടതെന്നും ഇവർ മൊഴി നൽകി. മാത്രമല്ല 24ന് ഇട്ടിവ ഗ്രാമപഞ്ചയത്തിൽ വച്ച് വിവാഹം കഴിക്കാമെന്ന് അഖിൽ പെൺകുട്ടിക്കും അവരുടെ ബന്ധുകൾക്കും ഉറപ്പ് നൽകുകയും ചെയ്‌തു.
എന്നാൽ പെൺകുട്ടി വിവാഹത്തിന് തയ്യാറായി പഞ്ചായത്തിലെത്തി വൈകുന്നേരം വരെ കാത്തിരുന്നങ്കിലും അഖിൽ എത്തിയില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്‌ത നിലയിലായിരുന്നു. തുടർന്ന് വീട്ടിലേക്ക് പോയ പെൺകുട്ടി കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ അഖിൽ മകളെ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടതാണന്നാരോപിച്ച് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. മാത്രമല്ല പ്രതിയെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൊട്ടാരക്കര ഡിവൈഎസ്‌പി ഓഫിസ് നാളെ ഉപരോധിക്കാനിരിക്കെയാണ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘം അഖിലിനെ അറസ്‌റ്റ് ചെയ്‌തത്. അഖിലിനെതിരെ ആത്മഹത്യ പ്രേരണാകുറ്റവും പട്ടിക ജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം, ബലാത്സംഗം, വഞ്ചനാ കുറ്റം എന്നിവ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.