തമിഴ് സിനിമയ്‌ക്കായി സംഗീതമൊരുക്കി മലയാളി നഴ്‌സ് ; വൈറലായി ജിൻസിയുടെ ഗാനങ്ങൾ - ഉല്ലാസ് ശങ്കർ
🎬 Watch Now: Feature Video
ഇടുക്കി : തമിഴ് സിനിമയ്‌ക്കായി മലയാളി നഴ്‌സ് ഒരുക്കിയ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഇടുക്കി രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജിൻസിയാണ് എസ്. ചിന്താമണി എന്ന പേരിൽ ഗാനങ്ങൾ രചിച്ച് ഹിറ്റാക്കി മാറ്റിയത്. കഴിഞ്ഞ ദിവസം റിലീസായ '1982 അൻപരസിൻ കാതൽ' എന്ന തമിഴ് സിനിമയ്ക്ക് വേണ്ടിയാണ് ഈ കലാകാരി ഗാനങ്ങൾ രചിച്ച് സംഗീത സംവിധാനം നിർവഹിച്ചത്.
ജിൻസി കഴിഞ്ഞ 10 വർഷത്തിലേറെയായി പോണ്ടിച്ചേരി ജിപ്‌മർ ഹോസ്‌പിറ്റലിൽ സ്റ്റാഫ് നഴ്‌സ് ആണ്. ചെറുപ്പം മുതലേ സംഗീതത്തോട് ഇഷ്‌ടമുള്ള ജിൻസി നിരവധി ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും ചെയ്‌തിട്ടുണ്ട്. എസ് ചിന്താമണി എന്ന തൂലികാനാമത്തിലാണ് ഈ സിനിമയിൽ പാട്ടുകൾ ഒരുക്കിയത്. നേരത്തെ വിവിധ ക്രിസ്‌തീയ ഭക്തിഗാന കാസറ്റുകള്‍ക്കുവേണ്ടിയും, 'ഒരു കടന്നൽ കഥ' എന്ന മലയാള ചിത്രത്തിനായും ജിൻസി ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
ദേവകന്യ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഉല്ലാസ് ശങ്കർ കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം ബിജു കരിമ്പിൻകാലായും ഷൈൻ ഏലിയാസുമാണ് നിർമിച്ചിരിക്കുന്നത്. ജിൻസി ഒരുക്കി പ്രശസ്‌ത ഗായകരായ കെ എസ് ചിത്ര, ഹരിചരണ്‍, രഞ്ജിത്ത് ഗോവിന്ദ്, ബിജോയ് പി ജേക്കബ് എന്നിവർ പാടിയ ഗാനങ്ങൾ സോഷ്യൽ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.
ഇടുക്കിയിലെ രാജാക്കാട്, മൂന്നാർ, തമിഴ്‌നാട്ടിലെ ബോഡിമെട്ട്, തേനി, കമ്പം എന്നിവിടങ്ങളിലാണ് ഈ സിനിമയുടെ ചിത്രീകരണം നടന്നത്. മെയ് 26 നായിരുന്നു തമിഴ്‌നാട്ടിലും കേരളത്തിലുമായി 200 ലേറെ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്‌തത്. മനോഹരമായ പ്രണയകഥയാണ് ചിത്രം പറയുന്നത്.
മൂന്നുവർഷം ഒരുമിച്ച് പഠിച്ച മലയാളി പെൺകുട്ടിയോടുള്ള ഇഷ്‌ടം തുറന്നുപറയാൻ പറ്റാത്ത തമിഴ് യുവാവ് അൻപരശ് തന്‍റെ സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് പെൺകുട്ടിയെ കൊണ്ടുവരാൻ കേരളത്തിൽ എത്തുന്നതും തുടർന്ന് കടന്നുപോകുന്ന സംഘർഷഭരിതമായ സന്ദർഭങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
ആഷിക് മെർലിൻ, ചന്ദന അരവിന്ദ് എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങൾ ചെയ്‌തിട്ടുള്ളത്. ചിത്രത്തിന്‍റെ സംവിധായകനായ രാജാക്കാട് സ്വദേശി ഉല്ലാസ് ശങ്കറും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്.