VIDEO | കാസർകോട് വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; ആളപായമില്ല
🎬 Watch Now: Feature Video
കാസർകോട്: നീലേശ്വരം ചായ്യോത്ത് വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. റോഡരികിലെ വൈദ്യുത കമ്പിയിൽ തട്ടിയാണ് തീപിടിച്ചത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. നീലേശ്വരത്ത് നിന്നും കാഞ്ഞിരപ്പൊയിലിലേക്ക് വൈക്കോൽ കൊണ്ടു പോകുകയായിരുന്നു ലോറി.
നാട്ടുകാരുടെ സമയോചിത ഇടപെടൽ കാരണമാണ് ലോറിയുടെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരാഞ്ഞത്. തുടർന്ന് അഗ്നിരക്ഷ സേനയെത്തി തീ അണയ്‌ക്കുകയായിരുന്നു. നീലേശ്വരം പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
പുല്ലൊടിയിൽ കാറിന് തീപിടിത്തം: കഴിഞ്ഞ ദിവസം പുല്ലൊടിയിലും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. പൊയ്‌നാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. അഞ്ചംഗ കുടുംബം മാലോത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം.
യാത്രക്കാരായ അഞ്ച് പേരും രക്ഷപെട്ടു. കാറിൽ നിന്ന് പുക ഉയരുന്നത് തുടക്കത്തിലെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്. എന്നാൽ അഗ്നിരക്ഷ സേനയെത്തുന്നതിന് മുമ്പ് തന്നെ കാർ പൂർണമായി കത്തിനശിച്ചു.
മുമ്പ് കോഴിക്കോട് കോടഞ്ചേരി ടൗണിലും വൈക്കോൽ ലോറിക്ക് തീപിടിച്ചിരുന്നു. ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണമാണ് വൻ ദുരന്തം ഒഴിവായത്. ലോറി റോഡരികിലെ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റിയാണ് അന്ന് ഡ്രൈവർ അപകടം ഒഴിവാക്കിയത്.