ലൈഫ് മിഷൻ പദ്ധതി; 172 കുടുംബങ്ങൾക്ക് പുതിയ വീട്, നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി - ഫ്ലാറ്റ് ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി
🎬 Watch Now: Feature Video
കണ്ണൂർ: സംസ്ഥാനത്ത് ലൈഫ് മിഷൻ പദ്ധതിയിലൂടെ നിർമാണം പൂർത്തിയാക്കിയ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. കണ്ണൂർ, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലായി 172 കുടുംബങ്ങൾക്കാണ് ഇതുവഴി വീട് സ്വന്തമായത്. സംസ്ഥാന തല ഉദ്ഘാടനവും കണ്ണൂരിലെ 44 ഫ്ലാറ്റുകളുടെ താക്കോൽ വിതരണവും കടമ്പൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
നാല് നിലകളിലായി 44 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഫ്ലാറ്റാണ് കടമ്പൂരിൽ നിര്‍മ്മിച്ചത്. ചടങ്ങിൽ വീടിന്‍റെ പാല് കാച്ചി മുഖ്യമന്ത്രി ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി. ഓരോ അപ്പാര്‍ട്ട്മെന്‍റിലും ഒരു ഹാള്‍, രണ്ടു കിടപ്പ് മുറി, ഒരു അടുക്കള, ഒരു കക്കൂസ്, ഒരു കുളിമുറി, ഒരു ബാല്‍ക്കണി എന്നിവ ഒരുക്കിയിട്ടുണ്ട്.
ഇതിന് പുറമേ പൊതുവായി ഒരു ഇടനാഴി, ഗോവണി, അഗ്നിശമന സംവിധാനങ്ങള്‍ തുടങ്ങി കുടിവെള്ളത്തിനായി കുഴല്‍ കിണറും കുടിവെള്ള സംഭരണിയും സോളാര്‍ ലൈറ്റ് സംവിധാനവും ഖരമാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനവും ജനറേറ്ററുമെല്ലാം സ്ഥാപിച്ചിട്ടുണ്ട്. 41.03 സെന്‍റില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ ആകെ വിസ്‌തീര്‍ണം 26857 ചതുരശ്ര അടിയാണ്.
ഇതില്‍ ഒരോ വീടിന്‍റെയും വിസ്‌തീര്‍ണം 511.53 ചതുരശ്ര അടിയാണ്. ആകെ ചെലവ് 6.70 കോടി രൂപയാണ്. അതേസമയം ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങൾ തൊടാതെ, പദ്ധതിയുടെ നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. പദ്ധതിയുമായി ബന്ധപ്പെടുത്തി അനാവശ്യ കാര്യങ്ങൾ ഉയർത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം പുനലൂരിൽ മന്ത്രി കെ.എൻ ബാലഗോപാലും, കോട്ടയം വിജയപുരത്ത് മന്ത്രി വി.എൻ വാസവനും, ഇടുക്കി കരിമണ്ണൂരിൽ മന്ത്രി റോഷി ആഗസ്റ്റിനും ഫ്ലാറ്റുകളുടെ താക്കോൽ കൈമാറി. വിവാദ കോലാഹലങ്ങൾക്കിടയിലും പദ്ധതി പൂർത്തീകരിക്കാനാകുന്നത് വലിയ നേട്ടമെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ.