video: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; യാത്രക്കാര്‍ക്ക് പരിക്ക് - നിയന്ത്രണം വിട്ടു മറിഞ്ഞു
🎬 Watch Now: Feature Video
വയനാട്: പുല്‍പ്പള്ളിയില്‍ നിന്നും തൃശൂരിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. രാവിലെ (21.07.23) എട്ടുമണിക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് പുല്‍പ്പള്ളി ആറാം മൈലിനും മൂന്നാം മൈലിനും ഇടയില്‍ വനമേഖലയില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. യാത്രക്കാരായ പതിനഞ്ചോളം പേര്‍ക്ക് നിസാര പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് റോഡില്‍ നിന്നും വലതുവശത്തേക്ക് തെന്നി മറിയുകയായിരുന്നു. മഴയും അമിത വേഗതയുമാകാം അപകട കാരണമെന്ന് സംശയിക്കുന്നു.
ജാഗ്രത വേണം: സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ഈ മഴയത്ത് വാഹനം ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. നനവുള്ള റോഡിലൂടെയുള്ള അശ്രദ്ധമായ ഡ്രൈവിങാണ് മഴക്കാലത്ത് അപകടം ക്ഷണിച്ചുവരുത്തുന്നത്. മിനുസമുള്ള റോഡില്‍ ജലത്തിന്‍റെ അളവ് കൂടുതലാകുന്ന സമയത്ത് റോഡിനും ടയറിനുമിടയിലെ ഘർഷണം കുറഞ്ഞ് ഇല്ലാതാകും. അപ്പോൾ നിയന്ത്രിക്കാൻ കഴിയാതെ വാഹനം തെന്നിമാറും. മഴക്കാലത്ത് വേഗം കുറച്ച് വാഹനം ഓടിക്കുക എന്നത് മാത്രമാണ് അപകടം ഒഴിവാക്കാനുള്ള മാർഗം.