ആതിരയുടെ ആത്മഹത്യ : അന്വേഷണത്തില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് കോട്ടയം എസ് പി
🎬 Watch Now: Feature Video
കോട്ടയം : സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് എസ്‌പി കെ കാര്‍ത്തിക്. പരാതി ലഭിച്ചപ്പോള്‍ എഎസ്‌പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട്ടെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത് പ്രതി അരുണ്‍ വിദ്യാധരന്‍റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയത്തുനിന്നുള്ള പൊലീസ് സംഘം കാസര്‍കോട്ടേയ്‌ക്ക് തിരിച്ചിട്ടുണ്ട്. കാസര്‍കോട് - കാഞ്ഞങ്ങാട് അപ്‌സര ഹോട്ടലിലാണ് ഇയാളെ ആത്മഹത്യ ചെയ്‌ത നിലയില്‍ പൊലീസ് കണ്ടെത്തിയത്.
ലോഡ്‌ജില്‍ നിന്ന് അരുണ്‍ വിദ്യാധരന്‍റെ തിരിച്ചറിയല്‍ രേഖ അടക്കം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേയ്‌ക്ക് മാറ്റി. ഹോസ്‌ദുര്‍ഹ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രതിയ്‌ക്ക് വേണ്ടി പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനിയായ വി എം ആതിരയെ തിങ്കളാഴ്‌ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ സുഹൃത്തായിരുന്ന കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരന്‍ നിരന്തരം സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു യുവതിയുടെ ആത്മഹത്യ.