മോദി രാഹുലിനെതിരെ പ്രതികരിക്കുന്നത് ക്രിമിനൽ കേസുകളില്‍ പ്രതികളായ എംപിമാരെ ഇടത്തും വലത്തും ഇരുത്തിക്കൊണ്ട് : വി.ടി ബല്‍റാം - സത്യഗ്രഹ സമരവുമായി കോട്ടയം ഡിസിസി
🎬 Watch Now: Feature Video
കോട്ടയം : രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടേറിയറ്റ് നടപടിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹ സമരം സംഘടിപ്പിച്ചു. കെപിസിസി വൈസ് പ്രസിഡന്‍റ് വി ടി ബൽറാം ഉദ്ഘാടനം ചെയ്‌തു.
ക്രിമിനൽ കുറ്റങ്ങളിൽ പ്രതികൾ ആയിട്ടുള്ള എംപിമാരെ ഇടത്തും വലത്തും ഇരുത്തിയാണ് നരേന്ദ്രമോദി രാഹുൽ ഗാന്ധിക്കെതിരെ പ്രതികരിക്കുന്നതെന്ന് വി ടി ബൽറാം പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള അന്തിമ ശ്രമങ്ങളാണ് ഇന്ന് രാജ്യം മുഴുവൻ നടക്കേണ്ടതെന്നും ബൽറാം ചൂണ്ടിക്കാട്ടി.
കോട്ടയം ഗാന്ധി സ്ക്വയറിൽ നടന്ന സത്യഗ്രഹ സമരത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
നേരത്തെ സിപിഎമ്മിന്‍റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല, ജനാധിപത്യത്തിനെതിരെ ഉണ്ടായ ഫാസിസ്റ്റ് കടന്നുകയറ്റത്തിനെതിരെയാണെന്ന എം വി ഗോവിന്ദന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിക്ക് സിപിഎം പിന്തുണ ഉണ്ടാകുമെന്ന് കോൺഗ്രസ് മോഹിക്കുകയോ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്‌തിരുന്നില്ലെന്നാണ് കെ സുധാകരൻ പറഞ്ഞത്.