കൊല്ലം കലക്‌ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനം : പ്രതികളെ കോടതിയിൽ ഹാജരാക്കി - Kollam Collectorate Bomb blast
🎬 Watch Now: Feature Video
കൊല്ലം : ഏഴ് വർഷം മുൻപ് കലക്‌ടറേറ്റ് വളപ്പിൽ ബോംബ് സ്ഫോടനം നടത്തിയ കേസില്‍ വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി പ്രതികളെ കൊല്ലം കോടതിയിൽ ഹാജരാക്കി. തീവ്രവാദ സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരായ തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി (33), ഷംസുദീൻ കരിം രാജ (28), ദാവൂദ് സുലൈമാൻ കോയ (28), ഷംസുദ്ദീന്‍ (29) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്.
വിചാരണ നടപടികൾ തുടങ്ങുന്നതിന് മുൻപ് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി എം.ബി ഹേമലത ഉത്തരവിട്ടിരുന്നു. വക്കാലത്ത് ഒപ്പിടാനും, വിചാരണ തുടങ്ങുന്നതിന് മുമ്പ് കോടതിയിൽ എന്തെങ്കിലും ബോധിപ്പിക്കാനുമുണ്ടെങ്കിൽ അതിനും കൂടി വേണ്ടിയാണ് പ്രതികളെ കൊല്ലത്ത് കോടതിയിൽ കൊണ്ടുവന്നത്.
സായുധ പൊലീസിൻ്റെ കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. ഓഗസ്റ്റ് ഏഴിനാണ് വിചാരണ ആരംഭിക്കുക.
പ്രതികൾ ആന്ധ്രയിലെ കടപ്പ ജില്ല ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. കഴിഞ്ഞ ഏപ്രിലിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു.
എന്നാൽ പ്രതികൾ അന്ന് കുറ്റം നിഷേധിച്ചിരുന്നു. 2016 ജൂൺ 15ന് പകൽ 10.50 നായിരുന്നു ബോംബ് സ്ഫോടനം ഉണ്ടായത്. മുൻസിഫ് കോടതിക്ക് സമീപം നിർത്തിയിട്ടിരുന്ന തൊഴിൽ വകുപ്പിന്‍റെ ജീപ്പിന് പിന്നിൽ ടൈമർ ബോംബ് ചോറ്റുപാത്രത്തിൽ വച്ചാണ് സ്ഫോടനം നടത്തിയത്.