കുമളിയില്‍ നിന്ന് ഉസ്‌ബകിസ്ഥാനിലേക്ക്; കിക്ക് ബോക്‌സിങില്‍ ഇന്ത്യയുടെ അഭിമാനമാകാൻ ഐറിൻ ട്രീസ ജോസഫ് - Kickboxer kerala
🎬 Watch Now: Feature Video
ഇടുക്കി: കിക്ക് ബോക്‌സിങില്‍ രാജ്യന്തര മത്സരങ്ങൾക്ക് യോഗ്യത നേടിയ ഐറിൻ ട്രീസ ജോസഫിനെ പരിചയപ്പെടാം. പഞ്ചാബിലെ ലുധിയാന ലൗലി യൂണിവേഴ്‌സിറ്റി സ്പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ദേശീയ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ അഭിമാന നേട്ടം കൊയ്‌താണ് ഐറിൻ രാജ്യാന്തര മത്സരങ്ങൾക്ക് യോഗ്യത നേടിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1200 കായിക പ്രതിഭകൾ പങ്കെടുത്ത മത്സരത്തിൽ കേരളത്തിന് അഭിമാനമായി മൂന്ന് മെഡലുകളാണ് ഈ മിടുക്കി നേടിയത്. ലൈറ്റ് കോൺടാക്‌ട്, പോയിന്‍റ് ഫൈറ്റ് എന്നീ ഇനങ്ങളിൽ വെള്ളിയും മ്യൂസിക്കൽ ഫോം വിഭാഗത്തിൽ വെങ്കലവും നേടി. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന അമച്വർ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇതേ വിഭാഗത്തിൽ മൂന്ന് സ്വർണ മെഡൽ നേടിയാണ് ദേശീയ മത്സരത്തിനുള്ള യോഗ്യത നേടിയത്. കഴിഞ്ഞവർഷം ചെന്നൈയിൽ നടന്ന ദേശീയ മത്സരത്തിലും സ്വർണ മെഡൽ നേടിയിരുന്നു. കുട്ടിക്കാനം മരിയൻ കോളജിലെ മൂന്നാം വർഷ ബിസിഎ വിദ്യാർഥിനിയായ ഐറിൻ ട്രീസ ജോസഫ്, കുമളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നോളി ജോസഫിന്‍റെയും ഷാജി ജയിംസിന്‍റെയും മകളാണ്. സെപ്റ്റംബർ 13 മുതൽ 17 വരെ ഉസ്ബക്കിസ്ഥാനിലാണ് രാജ്യാന്തര മത്സരങ്ങൾ നടക്കുന്നത്. ഐറിന്‍റെ രാജ്യാന്തര നേട്ടങ്ങൾ കേരളത്തില്‍ അത്ര പ്രചാരമില്ലാത്ത കിക്ക് ബോക്‌സിങിന്‍റെ വളർച്ചയ്ക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാം. ചെറുപ്പം മുതൽ കായിക അഭ്യാസങ്ങളിൽ ഇഷ്‌ടം പ്രകടിപ്പിച്ചിരുന്ന ഐറിന് മാതാപിതാക്കളുടെയും സഹോദരന്‍റെയും പൂർണ പിന്തുണ ലഭിച്ചതാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്. രാജ്യാന്തര മത്സരങ്ങളിലും നാടിന്‍റെ അഭിമാനമാകുവാൻ ഐറിന് കഴിയുമെന്നാണ് ഏവരുടെയും പ്രതീക്ഷ.