Kerala State Film Awards | 'അതിയായ സന്തോഷം, ദൈവത്തിനും ശ്രോതാക്കൾക്കും നന്ദി'; അവാര്‍ഡ് തിളക്കത്തില്‍ പ്രതികരിച്ച് മൃദുല വാര്യര്‍ - അവാര്‍ഡ്

🎬 Watch Now: Feature Video

thumbnail

By

Published : Jul 21, 2023, 9:13 PM IST

തൃശൂര്‍: മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പിന്നണി ഗായിക മൃദുല വാര്യര്‍. അവാര്‍ഡ് ഗുരുനാഥനായ എം ജയചന്ദ്രനും തന്‍റെ കുടുംബത്തിനും സമര്‍പ്പിക്കുന്നുവെന്നും മൃദുല വാര്യര്‍ പറഞ്ഞു. മുമ്പ് ജൂറി പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നുവെന്നും അവര്‍ ഓര്‍ത്തെടുത്തു.

പാടാൻ ഏറെ ബുദ്ധിമുട്ടുള്ള ഗാനമായിരുന്നു 'പത്തൊൻപതാം നൂറ്റാണ്ടി'ലെ 'മയിൽപ്പീലി ഇളകുന്നു കണ്ണാ' എന്നത്. പാടാൻ പറ്റാതെ പിന്മാറാന്‍ ഉദ്ദേശിച്ച തനിക്ക് ധൈര്യം തന്നത് എം ജയചന്ദ്രനാണെന്നും മൃദുല പറഞ്ഞു. എല്ലാവിധ പിന്തുണയും നൽകുന്ന കുടുംബത്തോടും അതിലുപരി ദൈവത്തോടും കടപ്പെട്ടിരിക്കുന്നു. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തിൽ ജനിച്ച തനിക്ക് ഇത്രവരെ എത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്നും മൃദുല പ്രതികരിച്ചു.

ദൈവത്തിനും ശ്രോതാക്കൾക്കും നന്ദി പറയുന്നു. വീട്ടിലുള്ളവര്‍ക്ക് സന്തോഷം കൊണ്ട് വാക്കുകളില്ലായിരുന്നു. ഇവിടെ വരെ എത്തിയത് വലിയ ഭാഗ്യമാണ്. സമ്മാനം കിട്ടുന്നതിൽ മാത്രമല്ല കാര്യം എന്ന വീട്ടുകാരുടെ ഉപദേശം ഉൾക്കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും മൃദുല വാര്യര്‍ പറഞ്ഞു. ബിടെക്കാണ് പഠിച്ചത്. അതിനൊപ്പം സംഗീതം ഒരു ഭാഗമായി കൊണ്ടുപോയതായിരുന്നു. എന്നാൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ ജീവിതം മാറി മറഞ്ഞുവെന്നും ഒപ്പം മലയാളികൾ അറിയപ്പെടുന്ന ഒരു ഗായികയായി മാറാൻ സാധിച്ചുവന്നും അവര്‍ മനസുതുറന്നു.

സ്റ്റാർ സിങറില്‍ രണ്ടാം സ്ഥാനത്തായതിൽ ഒരു ദുഃഖമുണ്ടായിട്ടില്ല. ആ വേദിയാണ് ഈ നിലയിൽ വരെ എത്തിച്ചത്. ഒത്തിരി നല്ല പാട്ടുകൾ ഇനിയും പുറത്തിറങ്ങാനുണ്ട്. വിദ്യാസാഗറിൻ്റെ സംഗീത സംവിധാനത്തിലും പാടാൻ സാധിച്ചുവെന്നും ഇപ്പോൾ സ്വപ്‌നങ്ങൾ ഒരുപാടുണ്ട്, അതിൽ ഓരോന്നിലും വിജയം നേടാനുള്ള പരിശ്രമം തുടരുകയാണെന്നും മൃദുല വാര്യർ പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.