Kerala Rain | ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ; ജാഗ്രത പുലർത്തണമെന്ന് മന്ത്രി കെ രാജൻ

🎬 Watch Now: Feature Video

thumbnail

By

Published : Jul 4, 2023, 10:33 PM IST

തിരുവനന്തപുരം : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ ജില്ല കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. 

മഴ ശക്തമായ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് റവന്യൂ മന്ത്രി കെ രാജൻ നിർദേശം നൽകി. ജില്ല കലക്‌ടര്‍മാരുമായി പ്രത്യേക യോഗം ചേർന്ന് റവന്യൂ മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ജാഗ്രത വേണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാലാണ് ഈ ജില്ലകളിൽ പ്രത്യേക ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്. ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് നാളെ കഴിഞ്ഞാൽ മഴ കുറയും. അതിനാൽ അനാവശ്യമായ ഭയത്തിന്‍റെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. 

'വ്യാജവാർത്ത സൃഷ്‌ടിച്ച് ആശങ്ക ഉണ്ടാക്കരുത്' : എന്ത് തരത്തിലുള്ള വെല്ലുവിളികളും നേരിടാൻ സർക്കാർ സജ്ജമാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ ഏഴ് ബെറ്റാലിയനുകളെ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിയോഗിച്ചിട്ടുണ്ട്. ജില്ലകളിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ കലക്‌ടര്‍മാർക്ക് നിർദേശം നൽകി. സംസ്ഥാനത്ത് ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത്. അത്യാവശ്യഘട്ടത്തിൽ അടിയന്തരമായി തന്നെ ക്യാമ്പുകൾ സജ്ജമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. പനി അടക്കമുള്ള പകർച്ചവ്യാധികൾ മുന്നിൽക്കണ്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. 

ഓറഞ്ച് ബുക്കിൽ അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ പ്രത്യേക കരുതൽ സ്വീകരിക്കും. വ്യാജ വാർത്തകൾ സൃഷ്‌ടിച്ച്, പൊതുജനങ്ങളിൽ ആശങ്ക ഉണ്ടാക്കാൻ ആരും ശ്രമിക്കരുത്. 2018ലെ പ്രളയത്തിന്‍റെ ദൃശ്യങ്ങൾ അടക്കം ഇപ്പോൾ പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. കലക്‌ടര്‍മാര്‍ ഔദ്യോഗികമായി നൽകുന്ന വിവരങ്ങൾ മാത്രം മുഖവിലയ്ക്ക് എടുക്കണം. ദുരന്തം ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് സർക്കാർ ശ്രമമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.