ഭാഗ്യക്കുറി സമ്മാനത്തുക എങ്ങനെ വിനിയോഗിക്കാം, വിജയികള്‍ക്ക് പരിശീലനമൊരുക്കി കേരളം ; പരിപാടി രാജ്യത്ത് ആദ്യം
🎬 Watch Now: Feature Video
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന ഭാഗ്യശാലികൾക്ക് സമ്മാന തുക എങ്ങനെ വിനിയോഗിക്കുമെന്ന ആശങ്ക ഇനി വേണ്ട. രാജ്യത്ത് ആദ്യമായി ഭാഗ്യക്കുറി സമ്മാന ജേതാക്കൾക്ക് പരിശീലന പരിപാടിയൊരുക്കി കേരള ഭാഗ്യക്കുറി വകുപ്പ്. കഴിഞ്ഞ ഓണം ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 25 കോടി നേടിയ തിരുവനന്തപുരം സ്വദേശി അനൂപ് നേരിട്ട പ്രശ്‌നങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇത്തരത്തിലുള്ള പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഒന്നാം സമ്മാനം നേടുന്നവര്‍ക്കായി സമ്മാന തുക എങ്ങനെ വിനിയോഗിക്കുമെന്ന് പരിശീലനം നൽകുന്നത്.
തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍റ് ടാക്‌സേഷനെയാണ് ജേതാക്കൾക്ക് പരിശീലനം നൽകുന്നതിനായി ചുമതലപ്പെടുത്തിയത്. പരിശീലന പരിപാടി ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു. ഭാഗ്യക്കുറി ജേതാക്കൾ, ലോട്ടറി അടിച്ച് മോശം ധന വിനിയോഗത്തിലൂടെ പാപ്പരാകാതെ ബുദ്ധിപൂർവം പണം ഉപയോഗിക്കേണ്ടതുണ്ട് എന്ന് ധനമന്ത്രി പറഞ്ഞു.
മാസത്തിലോ രണ്ട് മാസത്തിൽ ഒരിക്കലോ ലോട്ടറി ജേതാക്കൾക്കായി ഇത്തരത്തിൽ പരിശീലനം സംഘടിപ്പിക്കും. നിർധനർക്ക് ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാറിന്‍റെ പദ്ധതികളായ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയിലേക്കായി ലോട്ടറി വകുപ്പ് 1,732 കോടി രൂപ കൈമാറിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 2012 മുതലാണ് ഇത്രയും തുക കൈമാറിയത്. രണ്ട് ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന ബൃഹദ് രംഗമാണ് സംസ്ഥാന ലോട്ടറിയെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിശ്വാസ്യതയും നടത്തിപ്പിൽ സുതാര്യതയുമുള്ള സംസ്ഥാന ലോട്ടറി വകുപ്പ് വർഷം 7,000 കോടി രൂപയാണ് സമ്മാന ഇനത്തിൽ നൽകുന്നത്.
മുമ്പ് 5.2 കോടി രൂപ സമ്മാനമായി നൽകിയിരുന്നത്, സമ്മാനഘടന പരിഷ്‌കരണത്തിലൂടെ 8.5 കോടി രൂപയായി വർധിച്ചെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ആളുകൾക്ക് സമ്മാനം ലഭ്യമാക്കലാണ് ലക്ഷ്യം. വകുപ്പ് കൂടുതൽ ആധുനീകരിച്ച് സാങ്കേതിക വിദ്യ പൂർണമായും പ്രയോജനപ്പെടുത്തേണ്ടതുണ്ട് എന്നും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ഒന്നാം സമ്മാന ജേതാവായ അനൂപ് അടക്കം വിവിധ ജില്ലകളിൽ നിന്നുള്ള നാൽപതോളം ജേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
ധനവിനിയോഗം എങ്ങനെ വേണം, നികുതികൾ, നിക്ഷേപ പദ്ധതികൾ, ചിട്ടി, കുറി തുടങ്ങിയ നിക്ഷേപങ്ങളുടെ സാധ്യതകളും പ്രശ്‌നങ്ങളും, ഇൻഷുറൻസ്, മാനസിക സംഘർഷ ലഘുകരണം തുടങ്ങിയ വിഷയങ്ങളിലാണ് ജേതാക്കൾക്ക് പരിശീലനം നൽകുന്നത്. സമ്മാനമായി കിട്ടുന്ന പണം എങ്ങനെ സൂക്ഷിക്കണമെന്നത് അടക്കമുള്ള നിർദേശങ്ങൾ ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍റ് ടാക്‌സേഷൻ പ്രൊഫസര്‍ ഡോ. രാമലിംഗം നൽകി.
ലക്ഷ്യമില്ലാതെ പണം ബാങ്കുകളിൽ നിക്ഷേപിക്കരുത്. പണം നിക്ഷേപിക്കാനൊരുങ്ങുന്ന ധനകാര്യ സ്ഥാപനത്തെക്കുറിച്ച് മനസിലാക്കി റിസ്‌ക്, ഗ്യാരന്‍റി, സെക്യൂരിറ്റി എന്നിവ വ്യക്തമായി മനസിലാക്കിയ ശേഷമാകണം പണം നിക്ഷേപിക്കേണ്ടത്. യാതൊരു ലക്ഷ്യങ്ങളുമില്ലാതെ പണം നിക്ഷേപിക്കരുത്. ബാങ്കിൽ പണം നിക്ഷേപിക്കുക മാത്രമാകരുത് ഉദ്ദേശം. ഒരു ലക്ഷ്യത്തോടെയാകണം നിക്ഷേപമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ജില്ല ട്രെഷറിയിലെ ജൂനിയർ അക്കൗണ്ടന്‍റ് ഓഫിസർമാരായ രാജ്മോഹൻ, ആദർശ്, കെഎസ്എഫ്ഇയുടെ സീനിയർ മാനേജർ പദ്‌മകുമാർ കെ ജെ എന്നിവർ പരിശീലനം നൽകി. ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍റ് ടാക്‌സേഷനാണ് മൊഡ്യൂൾ തയാറാക്കിയത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് ഒന്ന് മുതൽ മാർച്ച് 31 വരെ ഒന്നാം സമ്മാനമായി 190 കോടിയോളം രൂപ നൽകിയതായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
2,327.3 കോടി രൂപയാണ് 2021-2022 സാമ്പത്തിക വർഷത്തിൽ ഏജന്‍റുമാരുടെ വരുമാനം. 2021-2022 സാമ്പത്തിക വർഷത്തിൽ സമ്മാനങ്ങളുടെ എണ്ണം 5,22,02,411 ആയിരുന്നത് 2022-2023 സാമ്പത്തിക വർഷത്തിൽ 8,35,15,592 ആയി വർധിച്ചതായും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.