കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാർ : രോഗിയെ സ്ട്രെച്ചറിൽ ചുമന്ന് താഴെയെത്തിച്ച് ചുമട്ടുതൊഴിലാളികൾ - lift complaint issue in kasargod hospital
🎬 Watch Now: Feature Video
കാസർകോട് : ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാര്‍ ഇനിയും പരിഹരിക്കാത്തതിനാല്‍ രോഗിയെ ചുമട്ടുതൊഴിലാളികൾ സ്ട്രെച്ചറിൽ ചുമന്ന് താഴെയെത്തിക്കുന്ന ദൃശ്യം പുറത്ത്. ലിഫ്റ്റ് പ്രവർത്തന രഹിതമായി ഒരു മാസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാത്തതോടെയാണ് രോഗിയെ ചുമന്ന് താഴെയെത്തിക്കേണ്ട അവസ്ഥ വന്നത്. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവറായ രോഗിയെ ഡിസ്‌ചാർജ് ചെയ്‌തതിന് ശേഷം താഴെയെത്തിക്കാൻ ഒരു മാർഗവും ഇല്ലാതായതോടെയാണ് ബന്ധുക്കൾ ചുമട്ടുതൊഴിലാളികളെ സമീപിച്ചത്.
തുടർന്ന്, ആറാം നിലയിൽ നിന്ന് സ്‌ട്രെച്ചറിൽ ചുമന്ന് രോഗിയെ തൊഴിലാളികൾ താഴയെത്തിക്കുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതാണ് ആശുപത്രിയിലെ സ്ഥിരം കാഴ്‌ചയെന്ന് രോഗികൾ പറയുന്നു. ഐസിയു, ഗൈനക്കോളജി, ശസ്ത്രക്രിയ വിഭാഗങ്ങൾ എന്നിവ അഞ്ച്, ആറ് നിലകളിലാണ് പ്രവർത്തിക്കുന്നത്.
രോഗികളെ സ്ട്രെച്ചറിൽ കൊണ്ടുപോകാനുള്ള റാംപ് സംവിധാനവും ആശുപത്രിയിൽ ഇല്ല. തകരാർ പരിഹരിക്കാത്തത് ആശുപത്രി സൂപ്രണ്ടിന്‍റെ അനാസ്ഥ മൂലമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
തകരാർ പരിഹരിക്കാൻ നാല് ലക്ഷം രൂപ ആവശ്യമാണെന്നും, രണ്ടാഴ്‌ച കൂടി സമയം എടുക്കുമെന്നുമാണ് വിഷയത്തിൽ ആശുപത്രി അധികൃതരുടെ വിശദീകരണം.