ഈ അമ്മമാരുടെ വേദനയും ദുരിതവും നിങ്ങൾ കാണുന്നില്ലേ.... കാസര്‍കോട് ജില്ല ആശുപത്രി അധികൃതർ അറിയണമിത് - kasargod
🎬 Watch Now: Feature Video
കാസര്‍കോട്: ഭിന്ന ശേഷിക്കാരായ കുട്ടികളെയും എടുത്ത് ചവിട്ടു പടി കയറി മൂന്നാം നിലയിലെത്തണം. കാസര്‍കോട് ജില്ല ആശുപത്രിയിലെത്തുന്ന മാതാപിതാക്കള്‍ ഏറെക്കാലമായി നേരിടുന്ന പ്രധാന പ്രശ്‌നമാണിത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്‍പ്പടെയുള്ള ഭിന്നശേഷി കുട്ടികളുടെ ചികിത്സ വിഭാഗം ജില്ല ആശുപത്രിയുടെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്നത് മൂലമാണ് ഇത്തരമൊരു ദുരിതം മാതാപിതാക്കള്‍ക്ക് നേരിടേണ്ടി വരുന്നത്.
മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ചികിത്സ വിഭാഗം താഴേക്ക് മാറ്റണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. ഇതിനായി ഇവര്‍ പലതവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ അപേക്ഷയുമായെത്തി. പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരം മാത്രം ഇതുവരെ ഉണ്ടായില്ല.
കുട്ടികളെയും തോളിലേറ്റി മൂന്നാം നിലയിലെത്തുമ്പോഴും ഇവരുടെ ദുരിതം തീരുന്നില്ല. ആവശ്യത്തിന് ശുചിമുറികളും, കടുത്ത് ചൂടില്‍ പുറത്ത് കാത്തിരിക്കാന്‍ വേണ്ട സൗകര്യങ്ങളും ചികിത്സ കേന്ദ്രത്തില്‍ ഒരുക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ അമ്മമാര്‍ ജില്ല മെഡിക്കല്‍ ഓഫിസറെ കണ്ട് നേരിട്ട് പരാതി അറിയിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.
വിഷയം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്താം എന്ന സ്ഥിരം പല്ലവി തന്നെ അമ്മമാര്‍ക്ക് മറുപടിയായി ലഭിച്ചു. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ സമരം അടക്കമുള്ള പ്രതിഷേധങ്ങള്‍ക്ക് ഇവര്‍ നീങ്ങുമെന്നും അറിയിച്ചു.