Kasaragod Rain | മാലോം പുഞ്ചയിൽ വ്യാപക മണ്ണിടിച്ചിൽ, രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, മടന്തൂർ - ദേരമ്പള നടപ്പാലം തകർന്നു - മഴ
🎬 Watch Now: Feature Video
കാസർകോട് : കനത്ത മഴ തുടരുന്ന മലയോര മേഖലയിലെ മാലോം പുഞ്ചയിൽ വ്യാപക മണ്ണിടിച്ചിൽ. പ്രദേശത്തെ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബളാൽ പഞ്ചായത്തിലെ പുഞ്ച, ചെത്തി പുഴത്തട്ടിലാണ് മണ്ണിടിച്ചൽ ഉണ്ടായത്. ചെറുവീട്ടിൽ കാവേരിയുടെ വീടിന്‍റെ മുറ്റത്താണ് മണ്ണിടിഞ്ഞത്.
ഈ സമയത്ത് കുട്ടികൾ ഉൾപ്പടെ ഒൻപത് പേര്‍ വീട്ടിൽ ഉണ്ടായിരുന്നങ്കിലും ആളപായമില്ല. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പഞ്ചായത്ത് റവന്യു-പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം കാസർകോട് മരം വീണ് വിദ്യാർഥിനി മരിച്ച സ്‌കൂളിന് സമീപവും മണ്ണിടിച്ചിൽ ഉണ്ടായി.
അംഗടിമൊഗർ ജി എച്ച് എസ് എസ് സ്‌കൂളിന് സമീപത്താണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. മംഗൽപ്പാടി - മീഞ്ച പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മടന്തൂർ - ദേരമ്പള നടപ്പാലവും കനത്ത മഴയിൽ തകർന്നു. പുഴയിലൂടെ ഒഴുകി വന്ന മരം തൂണിലടിച്ചാണ് പാലം തകർന്നത്.
ശക്തമായ മഴയിൽ ക്ലായ്‌ക്കോട്, മുണ്ടിയാനം മേഖലകളിലെ റോഡുകളിൽ വെള്ളം കയറി. പ്രദേശത്തെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ക്ലായ്‌ക്കോട് ഭാഗത്ത് നെൽകൃഷിയും വെള്ളത്തിനടിയിലാണ്.