Hospital lift issue | മന്ത്രി പറഞ്ഞതിന് പുല്ലുവില, മൃതദേഹം വീണ്ടും ചുമന്നിറക്കുകയാണ്... എന്ന് തീരും ഈ ദുരിതം.. ആരാണ് ഇതിനൊരു പരിഹാരം കാണുക.... - ലിഫ്‌റ്റ് തകരാർ
🎬 Watch Now: Feature Video
കാസർകോട് : ജനറൽ ആശുപത്രിയിൽ മരിച്ച രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ഇന്ന് (15.06.23) രാവിലെ മരിച്ച ബേക്കൽ സ്വദേശി രമേശന്‍റെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേർന്ന് ആറാം നിലയിലുള്ള ഐസിയുവിൽ നിന്നും ചുമന്നിറക്കിയത്. മത്സ്യതൊഴിലാളിയാണ് രമേശൻ. കരൾ രോഗത്തെ തുടർന്ന് ഇന്നലെ വൈകിട്ടാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം ലിഫ്‌റ്റ് പ്രവർത്തനരഹിതമായി മൂന്ന് മാസം പിന്നിട്ടിട്ടും ആശുപത്രിയിൽ ദുരിതം തുടരുകയാണ്. പുതിയ ലിഫ്‌റ്റിന്‍റെ നിർമാണത്തിൽ മെല്ലെപ്പോക്കാണെന്നും പരാതി ഉയരുന്നുണ്ട്. നേരത്തെ ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായതിനെ തുടർന്ന് മൃതദേഹം ചുമട്ടു തൊഴിലാളികൾ ചുമന്ന് താഴെയിറക്കിയത് വലിയ വിവാദമായിരുന്നു. ആശുപത്രിയിൽ ചികിൽസിയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹമാണ് ചുമട്ടുതൊഴിലാളികൾ ചുമന്ന് താഴെ എത്തിച്ചത്.
വീഴ്‌ച കണ്ടെത്തയിട്ടും മെല്ലെപ്പോക്ക് : സംഭവത്തിൽ ആരോഗ്യ മന്ത്രി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയില്‍ റാമ്പ് സംവിധാനം ഇല്ലാത്തതിനാല്‍ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്. ജനറൽ ആശുപത്രി ലിഫ്‌റ്റ് കേടായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ടും പുറത്ത് വന്നിരുന്നു.
ജില്ല സബ് ജഡ്‌ജ് ബി കരുണാകരനാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്. ആശുപത്രിയിൽ പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുമായിരുന്ന വിഷയത്തിൽ കാലതാമസം എടുത്തതായും എന്നാൽ രോഗികൾക്കായി പകരം സംവിധാനം ഒരുക്കാനും സാധിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. സംഭവത്തിൽ ജില്ല സബ് ജഡ്‌ജ് സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക് റിപ്പോർട്ട് നൽകിയിരുന്നു.
also read : ആശുപത്രി ലിഫ്റ്റ് തകരാര്‍: സൂപ്രണ്ടിനെ സംരക്ഷിച്ച് ആരോഗ്യ വകുപ്പ്, കോഴിക്കോട് ഡിഎംഒയായി നിയമനം
ഒഴിയാതെ ദുരിതം : ബി കരുണാകരന്‍റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ രോഗികളുടെ ദുരിതം നേരിട്ട് കണ്ട് മനസിലാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിഷയം റിപ്പോർട്ട് ചെയ്യുന്നതിൽ കാണിച്ച ആശുപത്രി സൂപ്രണ്ടിന്‍റെ അലംഭാവം വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ട്. എന്നാൽ സൂപ്രണ്ടിന്‍റെ ഗുരുതര വീഴ്‌ച തിരിച്ചറിഞ്ഞിട്ടും ആരോഗ്യ വകുപ്പ് അദ്ദേഹത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന ആരോപണവും അന്വേഷണ ഘട്ടത്തിൽ ഉയർന്നിരുന്നു.
ജില്ല സബ് ജഡ്‌ജിന് പുറമെ ആരോഗ്യ വിഭാഗവും വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നു. പിന്നീട് ലിഫ്‌റ്റ് സ്ഥാപിക്കുന്നതിന് 14 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനുള്ള സാമഗ്രികൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നുള്ള കമ്പനിക്കാണ് ലിഫ്‌റ്റിന്‍റെ നിർമാണ ചുമതല. എന്നാൽ ഒരുമാസം കൊണ്ടു മാത്രമേ നിർമാണം പൂർത്തിയാകുകയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്. ഇങ്ങനെ വന്നാൽ രോഗികളുടെ ദുരിതം തുടരും.
also read : കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാർ : രോഗിയെ സ്ട്രെച്ചറിൽ ചുമന്ന് താഴെയെത്തിച്ച് ചുമട്ടുതൊഴിലാളികൾ