ചെലവിട്ടത് 50 ലക്ഷം, കാടുകയറി നശിച്ച് കാഞ്ഞാർ വാട്ടർ തീം പാർക്ക്; ഇടപെടാതെ അധികൃതര്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത

🎬 Watch Now: Feature Video

thumbnail

By

Published : Apr 15, 2023, 7:40 PM IST

ഇടുക്കി: ലക്ഷക്കണക്കിന് രൂപ മുതൽമുടക്കിൽ നിർമിച്ച കാഞ്ഞാർ സൗന്ദര്യവത്‌കരണ പദ്ധതിയുടെ ഭാഗമായ കാഞ്ഞാർ വാട്ടർ തീം പാർക്ക് സംരക്ഷണം ഇല്ലാതെ കാടുകയറി നശിക്കുന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 2015ൽ കാഞ്ഞാർ പുഴയോരത്ത് വാട്ടർ തീം പാർക്ക് സ്ഥാപിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും നാളിതുവരെയും പാര്‍ക്ക് തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കാഞ്ഞാർ പൊലീസ് സ്‌റ്റേഷന് ഏതാനും മീറ്റർ സമീപത്തുള്ള പാർക്ക് ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.

പ്രകൃതി സൗന്ദര്യംകൊണ്ട് ഏറെ അനുഗ്രഹിക്കപ്പെട്ട സ്ഥലമാണ് അറക്കുളം പഞ്ചായത്തിലെ കാഞ്ഞാർ ഉൾപ്പെടുന്ന മേഖല. ഇവിടുത്തെ ടൂറിസ്‌റ്റ് സാധ്യതകൾ മുൻനിർത്തി 2015ൽ എപി ഉസ്‌മാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായിരിക്കുമ്പോഴാണ് കാഞ്ഞാർ വാട്ടർ തീം പാർക്കിന് രൂപം നൽകുന്നത്. 50 ലക്ഷം രൂപ മുതൽമുടക്കിൽ ഉദ്യാനം ഒരുക്കി ഇടുക്കി അണക്കെട്ടിന്‍റെ ഉൾപ്പെടെ മാതൃകകൾ സ്ഥാപിച്ച് ഗേറ്റും പിടിപ്പിച്ചതല്ലാതെ പിന്നീട് ആരും ഇതുവഴി തിരിഞ്ഞു നോക്കിയില്ല.  

വീണ്ടും പല പ്രസിഡന്‍റുമാരും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചുവെങ്കിലും കാഞ്ഞാർ വാട്ടർ തീം പാർക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനോ കാടുവെട്ടി സംരക്ഷിക്കുന്നതിനോ പോലുമുള്ള യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് പാർക്ക്. മദ്യക്കുപ്പികൾ ഉൾപ്പെടെ പാർക്കിൽ നിരന്നുകിടക്കുന്ന കാഴ്‌ചയാണ് ഇവിടെ ഇറങ്ങിയാൽ കാണാൻ സാധിക്കുക.  

പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളം: കാഞ്ഞാർ പൊലീസ് സ്‌റ്റേഷന് 200 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പാർക്കിലേക്ക് ഒന്ന് എത്തിനോക്കാൻ പോലും കാഞ്ഞാർ പൊലീസും തയ്യാറാവുന്നില്ല. ഇതോടെ ഈ പ്രദേശം മുഴുവനും ഇപ്പോൾ സാമൂഹിക വിരുദ്ധർ താവളമായി മാറിയിരിക്കുകയാണ്. നിരവധി മലയാളം, തമിഴ്, തെലുഗു ചിത്രങ്ങൾക്ക് വേദിയായ പ്രദേശമാണ് കാഞ്ഞാർ.

ടൂറിസത്തിന്‍റെ അനന്തസാധ്യതകൾ ഉണ്ടെങ്കിലും ഈ പ്രദേശം കെടിഡിസിയോ, ഡിടിപിസിയോ മറ്റ് സർക്കാർ സംവിധാനങ്ങളോ ഏറ്റെടുത്ത് വിപുലമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് പോലും തയ്യാറാകുന്നില്ല. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തന്നെ മുന്നിട്ടിറങ്ങി വിപുലമായ പദ്ധതികൾ നടത്തി മാതൃകാപരമായി സംരക്ഷിക്കണം എന്നതാണ് ജനങ്ങളുടെ ആവശ്യം.  

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.