'അംഗീകാരമില്ലാത്ത കാലത്തും പ്രവർത്തിച്ച പാർട്ടി'; സിപിഐ പ്രവർത്തനം തുടരുമെന്ന് കാനം രാജേന്ദ്രൻ

🎬 Watch Now: Feature Video

thumbnail

By

Published : Apr 11, 2023, 3:24 PM IST

തിരുവനന്തപുരം : സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്‌ടപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 2014 മുതൽ തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ച നടക്കുന്നുണ്ട്. ഇലക്ഷൻ കമ്മിഷൻ പരിഷ്‌കരിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്‌ടപ്പെടുന്നതിനെക്കുറിച്ച് വിശദീകരണം ചോദിച്ചിരുന്നു. സിപിഐയുടെ വാദഗതികൾ കമ്മിഷന്‍ അംഗീകരിച്ചില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. 

കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിൽ നിരവധി തവണ വിശദീകരണം നൽകി വരികയായിരുന്നെങ്കിലും ഒടുവിൽ സിപിഐയുടെ വാദഗതികൾ ഇലക്ഷൻ കമ്മിഷൻ അംഗീകരിച്ചില്ല. പാർട്ടിയുടെ വാദഗതി പ്രധാനമായും പാർലമെന്‍റിലേയും നിയമസഭയിലേയും പ്രാതിനിധ്യമായിരുന്നില്ല. പാർട്ടിയുടെ പഴക്കം, ഏതെല്ലാം സംസ്ഥാനങ്ങളിൽ പ്രവർത്തനങ്ങളും ഘടകങ്ങളുമുണ്ട്, കഴിഞ്ഞ എത്ര വർഷമായി ഇത് തുടരുന്നു തുടങ്ങിയവയായിരുന്നു. ഏതെങ്കിലും ഒരു മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കരുതായിരുന്നു.

കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്ന മുന്നണി 2019ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലാണ് ജയിച്ചത്. അതിന്‍റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുത്താൽ യഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല. എന്നാൽ, പരിഷ്‌കരിച്ച മാനദണ്ഡം അനുസരിച്ച് മാത്രമേ തീരുമാനം ഉണ്ടാകൂവെന്ന് ഇലക്ഷൻ കമ്മിഷൻ തീരുമാനമെടുത്തത് കൊണ്ടാണ് ദേശീയ പാർട്ടി എന്ന അംഗീകാരം നഷ്‌ടമായത്. ഇലക്ഷൻ കമ്മിഷനുമായി ബന്ധപ്പെട്ട സാങ്കേതികമായ കാര്യം മാത്രമാണിത്.

'തുടര്‍ നടപടി പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കും': ഈ തീരുമാനം തങ്ങളുടെ രാഷ്ട്രീയത്തിനോ സംഘടനാപ്രവർത്തനത്തിനോ തടസമാകില്ല. അംഗീകാരമില്ലാത്ത കാലത്തും പ്രവർത്തിച്ച് പരിചയമുള്ള പാർട്ടിയാണ്. അതുകൊണ്ടുതന്നെ പ്രവർത്തനം തുടരും. ഇലക്ഷൻ കമ്മിഷനുമായുള്ള ആശയവിനിമയത്തിലെ വാദഗതികൾ അവർ അംഗീകരിച്ചില്ല. തുടർനടപടികൾ എന്തുവേണമെന്നുള്ളത് പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കും. 2014 തെരഞ്ഞെടുപ്പിന് ശേഷം പുതുക്കി നിശ്ചയിച്ച മാനദണ്ഡമാണ് ഈ തീരുമാനത്തിന് കാരണം. നിയമപരമായി നീങ്ങുന്നത് പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും കാനം പറഞ്ഞു.

ഇന്നലെയായിരുന്നു സിപിഐയുടെ ദേശീയ പാർട്ടി അംഗീകാരം തെരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിച്ചത്. സിപിഐക്ക് പുറമെ എൻസിപി, തൃണമൂൽ കോൺഗ്രസ്‌ എന്നീ പാർട്ടികൾക്കും ദേശീയ പാർട്ടി പദവി നഷ്‌ടപ്പെട്ടിരുന്നു. അതേസമയം ആം ആദ്‌മി പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കുകയും ചെയ്‌തു. ഡൽഹി, പഞ്ചാബ്, ഗുജറാത്ത്‌, ഗോവ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിലെ പ്രകടനം കണക്കിലെടുത്തതാണ് ആം ആദ്‌മിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചത്.

ALSO READ : 'ആം ആദ്‌മി' ഇനി ദേശീയ പാര്‍ട്ടി ; തൃണമൂലും, എന്‍സിപിയും, സിപിഐയും പുറത്ത്

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലവിലെ മാനദണ്ഡ പ്രകാരം ലോക്‌സഭയിൽ രണ്ട് ശതമാനം സീറ്റോ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി എന്ന അംഗീകാരം ലഭിച്ചാൽ മാത്രമേ ദേശീയ പാർട്ടി അംഗീകാരം ലഭിക്കുകയുള്ളു. ദേശീയ പാർട്ടി അംഗീകാരം നഷ്‌ടപ്പെട്ടത്തോടെ അംഗീകാരം ലഭിക്കാത്ത സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് ചട്ടപ്രകാരം പൊതുചിഹ്നം ലഭിക്കില്ല. നിലവിൽ ആറ് പാർട്ടികൾക്കാണ് രാജ്യത്ത് ദേശീയ പാർട്ടി അംഗീകാരമുള്ളത്. ബിജെപി, കോൺഗ്രസ്, സിപിഎം, നാഷണൽ പീപ്പിൾസ് പാർട്ടി, എഎപി, ബിഎസ്‌പി എന്നിവയാണ് നിലവില്‍ ദേശീയ പാർട്ടികളായുള്ളത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.