Fake certificate controversy | കെ വിദ്യയ്‌ക്ക് ഇടക്കാല ജാമ്യം ; ജൂണ്‍ 30ന് കോടതിയില്‍ ഹാജരാകണം
🎬 Watch Now: Feature Video
കാസര്‍കോട് : കരിന്തളം ഗവണ്‍മെന്‍റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജോലിയ്ക്കായി വ്യാജ രേഖ ചമച്ച കേസില്‍ അറസ്റ്റിലായ പ്രതി കെ വിദ്യയ്‌ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ജൂണ്‍ 30ന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഹോസ്‌ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
അടുത്ത രണ്ട് ദിവസം വിദ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ഇന്ന് (ജൂണ്‍ 27) ഉച്ചയോടെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നീലേശ്വരം പൊലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഹോസ്‌ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച് കോളജില്‍ അധ്യാപികയായി ജോലി നേടിയ വിദ്യക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 201ാം വകുപ്പ് ചുമത്തിയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ വിദ്യ തെളിവ് നശിപ്പിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
എറണാകുളം മഹാരാജാസ് കോളജില്‍ താത്‌കാലിക അധ്യാപികയായി വിദ്യ ജോലി ചെയ്‌തിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖയാണ് കേസിന് കാരാണമായത്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യയെ ചോദ്യം ചെയ്‌തത്. വിദ്യ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും ഡിവൈഎസ്‌പി പറഞ്ഞു.